ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് നദ്ദ മുൻ രാഷ്‌ട്രപതിയെ സന്ദർശിച്ചത്.
മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിയന്ത്രണത്തെക്കുറിച്ചും അതിന്റെ ചട്ടക്കൂടിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ലോകത്തിന്റെ ഫാർമസിയെന്ന ഇന്ത്യയുടെ ഖ്യാതിയുമായി ചേർന്നുപോകുന്ന തരത്തിലുളള മാനദണ്ഡങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് ജെപി നദ്ദ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ആഗോള തലത്തിലേക്ക് അവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഇന്ത്യൻ ആരോഗ്യമേഖലയുടെ ഇടപെടൽ വ്യാപിക്കുമ്പോൾ അതിന് അനുസരിച്ചുളള ലോകനിലവാരത്തിലുളള മാനദണ്ഡങ്ങളും ചട്ടക്കൂടുമാണ് ആവശ്യമെന്ന് ജെപി നദ്ദ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജീവ് സിംഗ് രഘുവൻഷി, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉന്നതതല ചർച്ചയിൽ പങ്കെടുത്തു















