പോർട്ട് ലൂയിസ്: ഇന്ത്യയുടെ ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം മൗറീഷ്യസിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജയശങ്കറും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥും ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ ചുവടുവയ്‌പ്പാണിതെന്ന് ജയശങ്കർ പറഞ്ഞു
“ആദ്യ വിദേശ ജൻ ഔഷധികേന്ദ്രം മൗറീഷ്യസിൽ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥിനൊപ്പം ഉദ്‌ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനമാണ് ഈ ഔഷധി കേന്ദ്രം,” ജയശങ്കർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി, ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്നുകള്‍ ചെലവ് കുറഞ്ഞ രീതിയിൽ ഈ ആരോഗ്യ പങ്കാളിത്ത പദ്ധതിയിലൂടെ വിതരണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൗറീഷ്യസിലെ ഗ്രാൻഡ് ബോയിസിൽ ഇന്ത്യയുടെ സഹായത്തോടെ തുടക്കം കുറിച്ച മെഡി ക്ലിനിക്ക് പദ്ധതിയും വിദേശകാര്യ മന്ത്രി ഉദ്‌ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന വേളയിൽ ഗ്രാൻഡ് ബോയ്സ് ഏരിയയിലെ 16,000 പേർക്ക് ആരോഗ്യ പരിരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്‌ചയാണ് ജയശങ്കർ മൗറീഷ്യസിൽ എത്തിയത്. മൗറീഷ്യസ് വിദേശകാര്യമന്ത്രി മനീഷ് ഗോബിൻ നൽകിയ ഊഷ്മളമായ സ്വാഗതത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സജീവമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ജയശങ്കർ പറഞ്ഞു.















