വിശാഖ പട്ടണം : ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ നാരാ ലോകേഷ് ഐടി സ്ഥാപനങ്ങളെ തങ്ങളുടെ “ബിസിനസ്സുകൾ വിശാഖപട്ടണത്തേക്ക് മാറ്റാൻ” ക്ഷണിച്ചു.
“സർക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐടി സംരംഭത്തിന് ഏറ്റവും അനുയോജ്യമായ വൈദഗ്ധ്യമുള്ള പ്രതിഭകളുമായി ആന്ധ്രാപ്രദേശ് “തയ്യാറാണ്” എന്ന് ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻ & ഇൻഡസ്ട്രീസ് മന്ത്രിയായ നാരാ ലോകേഷ് പറഞ്ഞു. നാസ് കോം അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ ഒരു ട്വീറ്റിലാണ് നാരാ ലോകേഷ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് സി, ഡി ജോലികളിൽ കന്നഡക്കാർക്ക് 100% സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തുന്ന കർണാടക ബില്ലിനെക്കുറിച്ച് നാസ്‌കോം ബുധനാഴ്ച ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് നാരാ ലോകേഷിന്റെ പരാമർശം.
പ്രിയ @നാസ്‌കോം അംഗങ്ങളേ,
നിങ്ങളുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുന്നു. വിശാഖപട്ടണത്തിലെ ഞങ്ങളുടെ ഐടി, ഐടി സേവനങ്ങൾ, AI, ഡാറ്റാ സെൻ്റർ ക്ലസ്റ്റർ എന്നിവയിലേക്ക് നിങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഗവൺമെൻ്റിന്റെ നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐടി സംരംഭത്തിന് ഏറ്റവും മികച്ച ഇൻ-ക്ലാസ് സൗകര്യങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ, ഏറ്റവും അനുയോജ്യമായ ജോലിക്കാർ എന്നിവ ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യും. നിങ്ങളെ സ്വാഗതം ചെയ്യാൻ ആന്ധ്രാപ്രദേശ് തയ്യാറാണ്. ദയവായി ബന്ധപ്പെടുക!
തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ തുടർന്നുള്ള ലോകേഷിന്റെ അഭിപ്രായപ്രകടനം വാണിജ്യ വൃത്തങ്ങളിൽ വലിയ ചര്ച്ചയായിട്ടുണ്ട്.
ഗ്രൂപ്പ് സി, ഡി ജോലികളിൽ കന്നഡക്കാർക്ക് സ്വകാര്യ മേഖലയിലെ 100% തൊഴിൽ സംവരണം സംബന്ധിച്ച കർണാടക ബില്ലിനെക്കുറിച്ച് നാസ്‌കോം ബുധനാഴ്ച ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് നാരാ ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം, കർണാടക മന്ത്രിസഭ സ്വകാര്യ വ്യവസായങ്ങളിലെ സി, ഡി ഗ്രേഡ് തസ്തികകളിൽ കന്നഡക്കാർക്ക് അല്ലെങ്കിൽ തദ്ദേശവാസികൾക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഐടി സ്ഥാപനങ്ങളുടെ കടുത്ത വിമർശനത്തെത്തുടർന്ന് പ്രഖ്യാപനം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കം ചെയ്തിരുന്നു.
മലയാളികൾ ഉൾപ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. ഒപ്പം മാനേജ്‌മെന്റ് ജോലികളിൽ 50 ശതമാനവും നോൺ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതാണ് മലയാളികൾക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്.
സംവരണ വിഭാഗത്തേയും ബില്ലിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. കർണ്ണാടകയിൽ ജനിച്ച് 15 വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാകണം. കന്നഡ ഭാഷ എഴുതാനും വായിക്കാനും അറിയണം. തുടങ്ങി നിരവധി നിർവചനങ്ങളാണ് ബിൽ നൽകുന്നത്.
ഉദ്യോഗാർത്ഥികൾ സെക്കൻഡറി സ്‌കൂൾ തലത്തിൽ കന്നഡ ഭാഷ പഠിച്ചിട്ടില്ലെങ്കിൽ ഭാഷാ പ്രാവീണ്യ പരീക്ഷയും പാസാകേണ്ടി വരും. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചുളള വിശദാംശങ്ങൾ പുറത്തുവന്നതോടെ ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു.തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ പിന്നീട് തീരുമാനിച്ചു.