പ്രശസ്ത ഹൃദയരോഗ ശസ്ത്രക്രിയ വിദഗ്ധനും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എം.എസ് വല്യത്താന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ജനകീയനായ ഡോക്ടറായിരുന്ന അദ്ദേഹം പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിക്കുന്നതിൽ വിജയം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക വൈദ്യശാസ്ത്രത്തിൽ ആഴത്തിലുള്ള ജ്ഞാനം ഉണ്ടായിരിക്കെത്തന്നെ ആയുർവേദം പഠിക്കാനും ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ ആരോഗ്യ പരിരക്ഷാ രംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.
നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഹൃദയ സംബന്ധമായ ചികിത്സയ്‌ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്പോസിബിൾ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഹൃദയവാൾവ് വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.
ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കും മനസിലാകണമെന്ന ഉദ്ദേശ്യത്തോടെ മൂന്ന് പുസ്തകങ്ങളും അദ്ദേഹം ലോകത്തിന് സംഭവാന ചെയ്തു. ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.
പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയവ മുതൽ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമടക്കമുള്ള അംഗീകാരങ്ങൾ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.















