ബെംഗളൂരു : കർണാടകയിലെ തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം രംഗത്തു വന്നു.
ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്തിരുന്ന തന്റെ പിതാവിന്റെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ബില്ലിൽ പറഞ്ഞിരിക്കുന്നത് പോലെ “അദ്ദേഹത്തിന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ” എന്ന് നിഗം ചോദിച്ചു.
തദ്ദേശീയർക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലുമായി രംഗത്തു വന്ന കർണാടക സർക്കാരിന്റെ നടപടിയെ “ലജ്ജാകരം” എന്ന് വിളിച്ച ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
“എനിക്ക് 46 വയസ്സായി. 15 വർഷത്തിലധികം ഒരു സംസ്ഥാനത്ത് ജീവിച്ചിട്ടില്ല എന്റെ അച്ഛൻ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു. രാജ്യത്തുടനീളം പോസ്റ്റ് ചെയ്തു. അവന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ല?
ഞാൻ കമ്പനികൾ സ്ഥാപിച്ചു . ഇന്ത്യയിലുടനീളം 25000+ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു! എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ? നാണക്കേട് “. ഫോൺ പേ സ്ഥാപകൻ സമീർ നിഗം ഒരു X പോസ്റ്റിൽ എഴുതി.
എന്നാൽ, സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ കർണാടക മന്ത്രിസഭ വിഷയം വിശദമായി ചർച്ച ചെയ്ത് ഭാവി നടപടി തീരുമാനിക്കും. ബില്ലിനെച്ചൊല്ലി വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവവികാസം.
തദ്ദേശീയർക്ക് ക്വാട്ട നിർദേശിക്കുന്ന കർണാടക ഗവൺമെൻ്റിന്റെ ബില്ലിൽ “അഗാധമായ ആശങ്കയും നിരാശയും” ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) പറഞ്ഞതിന് പിന്നാലെയാണ് ഇത് .















