ആയുസ് കൂട്ടാനായി വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചു. എലികളിലാണ് പരീക്ഷണം നടത്തിയതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മറ്റ് എലികളെ അപേക്ഷിച്ച് മരുന്ന നൽകിയ എലികളുടെ ആയുസ് 25 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. ഒപ്പം ഇവയുടെ പ്രതിരോധശേഷിയും വർദ്ധിച്ചു.
ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി ലാബോറട്ടറി ഓഫ് മെഡിക്കൽ സയൻസസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.
മരുന്ന് പരീക്ഷിച്ച എലികൾക്ക് പ്രതിരോധശേഷിയും അർബുദത്തെ അതിജീവിക്കാനുള്ള ശേഷിയും ആർജ്ജിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യരിലും പരീക്ഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ ആയുർദൈർഘ്യം കൂടുമോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറഞ്ഞു.
ശരീരത്തിലെ ഇന്റർലൂക്കിൻ -11 എന്ന പ്രോട്ടീൻ ആണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. എലികളുടെ ജനതകഘടനയിൽ മാറ്റം വരുത്തുകയും പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സാധിക്കാത്ത തരത്തിലാക്കി. 75 ആഴ്ച പ്രായമായ ശേഷം പ്രോട്ടീൻ ഉത്പാദനത്തിന്റെ വേഗം കുറയ്ക്കാനുള്ള മരുന്ന് പ്രതിദിനം നൽകുകയും ചെയ്തു. പരീക്ഷണം മനുഷ്യനിലും വിജയം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.















