പാലക്കാട്: അട്ടപ്പാടിയിൽ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറിയ സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതാണ് തുടർ നടപടികൾക്ക് തടസമാകുന്നതെന്ന് അട്ടപ്പാടി തഹസീൽദാർ ഷാനവാസ്. സ്റ്റേ നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവ് അനുസരിച്ചേ നീങ്ങാനാകൂ. കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ അത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും തഹസീൽദാർ പറഞ്ഞു.
നഞ്ചിയമ്മ ഈ ഭൂമിക്കായി കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് വീണ്ടും വിഷയം വിവാദമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് തഹസീൽദാർ ഇക്കാര്യം വ്യക്തമാക്കിയത്. കളക്ടറുടെ ഉത്തരവ് പരിശോധിക്കണം. ഹൈക്കോടതി ഉത്തരവും ബാക്കി കോടതികളുടെ ഉത്തരവുകളും പരിശോധിക്കണം. എന്നിട്ട് മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാകൂ എന്ന് തഹസീൽദാർ പറഞ്ഞു.
നഞ്ചിയമ്മയുടെ വാദം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഹസീൽദാർ കൂട്ടിച്ചേർത്തു. നഞ്ചിയമ്മയുടെ ഭർത്താവിന്റെ പിതാവായ നാഗമൂപ്പന്റെ കയ്യിൽ നിന്ന് കന്ത ബോയൻ എന്ന സ്വകാര്യവ്യക്തിയാണ് ഭൂമി ആദ്യം തട്ടിയെടുത്തത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് തട്ടിയെടുത്തതെന്ന പരാതിയെ തുടർന്ന് വിൽപന റദ്ദാക്കിയ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകി. 2007 ൽ നഞ്ചിയമ്മയുടേത് ഭൂമി മിച്ചഭൂമിയാണെന്ന നോട്ടീസ് നൽകി അഗളി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി ഇവരെ ഇവിടെ കൃഷി ചെയ്യുന്നതിൽ നിന്ന് തടഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭൂമിയിൽ കൃഷിയിറക്കൽ സമരത്തിനായി നഞ്ചിയമ്മയും കുടുംബവുമെത്തിയത്. എന്നാൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് നഞ്ചിയമ്മയെയും കുടുംബത്തെയും തടയുകയായിരുന്നു. ഭൂമി ഉഴുതു മറിച്ച് കൃഷി ഇറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നതിനാൽ നഞ്ചിയമ്മയ്‌ക്ക് കൃഷി ഇറക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നഞ്ചിയമ്മയ്‌ക്ക് അനുകൂലമായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയെങ്കിലും ഭൂമി കയ്യേറിയെന്ന് ആരോപിക്കുന്ന വ്യക്തി കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.