ലക്‌നൗ: ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ. പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ യാദവ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചത്. ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. പെട്ടിയിൽ നിന്നും പുഴുക്കൾ ഇഴഞ്ഞു നീങ്ങുന്ന വീഡിയോയും യുവാവ് പങ്കുവച്ചു.
ലഭിച്ച ഉത്പന്നത്തിൽ താൻ അങ്ങേയറ്റം നിരാശനാണെന്ന് വ്യക്തമാക്കിയ യുവാവ് പാക്കറ്റുകൾ പകുതിയോളം തുറന്ന് കീറിയ നിലയിലായിരുന്നുവെന്നും ബട്ടർ മിൽക്ക് ചീഞ്ഞ് ദുർഗന്ധം വമിച്ചിരുന്നതായും യുവാവ് പറഞ്ഞു. പോസ്റ്റിൽ കമ്പനിയുടെ പേരും വെബ്സൈറ്റും പ്രത്യേകം ചൂണ്ടിക്കാട്ടിയ ഗജേന്ദർ ഇനിയാരും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകി.
🚨 Stop Buying products from @Amul_Coop website 🚨
Hey Amul you have sent us WORMS along with your high protien buttermilk.
I am writing to express my deep dissatisfaction after discovering worms in the buttermilk I purchased recently. This experience was incredibly….. pic.twitter.com/vmLC4rp89z
— Gajender Yadav (@imYadav31) July 17, 2024
പരിശോധനയ്‌ക്കായി ബട്ടർ മിൽക്കിന്റെ സാമ്പിളുകൾ ശേഖരിക്കണമെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട യുവാവ് കമ്പനിക്ക് മെയിൽ അയച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഗജേന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കമ്പനി മാപ്പ് പറഞ്ഞതായി ഇയാൾ പിന്നീട് പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ കാൺപൂരിൽ നിന്നുള്ള കമ്പനി പ്രതിനിധിയെ അയച്ചതായും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഗജേന്ദർ പറഞ്ഞു. ഉൽപ്പന്നം മാറ്റിനൽകാമെന്ന് അവർ വാഗ്ദാനം ചെയ്‌തെങ്കിലും താൻ അത് നിരസിക്കുകയും പെട്ടികൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു.