കോഴിക്കോട്: പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും കെ മുരളീധരൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു.
തൃശൂരിലെ തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിന്റെ പ്രശ്‌നമല്ലെന്നും സ്ഥാനാർത്ഥിയുടെ കുറവുകൾ കൂടി കണക്കിലെടുക്കണമെന്നും ടിഎൻ പ്രതാപൻ അഭിപ്രായപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെ മുരളീധരന്റെ മറുപടി. തൃശൂർ തോൽവി ചർച്ച ചെയ്യണ്ട എന്ന് കരുതിയിട്ടാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കണമെന്ന് സുധാകരനും ദീപ ദാസ് മുൻഷിയും വിളിച്ച് ആവശ്യപ്പെട്ടിരുന്നതായും കെ മുരളീധരൻ പറഞ്ഞു.
കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും കോർപ്പറേഷന്റെ ചുമതല നൽകിയത് നല്ല തീരുമാനമാണെന്നും കെ മുരളീധരൻ പറഞ്ഞു. പാലോട് രവിക്ക് എതിരെ നടന്ന പോസ്റ്റർ പ്രചാരണത്തെയും കെ മുരളീധരൻ വിമർശിച്ചു. ഇരുട്ടത്ത് ഇരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണം. ഓടി നടന്ന് പ്രസംഗിച്ചാൽ പാർട്ടി നന്നാവില്ലെന്നും വയനാട് ഉപതിരഞ്ഞെടുപ്പിൽ താൻ സജീവമാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രചാരണത്തിലുൾപ്പെടെ വരുത്തിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്നും ഇനി മത്സരിക്കാനില്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. കെ സുധാകരൻ ഉൾപ്പെടെയുളളവർ നേരിട്ട് എത്തി ചർച്ചകൾ നടത്തിയാണ് മുരളീധരനെ പിന്നീട് അനുനയിപ്പിച്ചത്.















