ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണമെന്നും ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്കാണ് ഹൈക്കമ്മീഷന്റെ നിർദേശം നൽകിയിരിക്കുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പറുകളിൽ വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. വാട്സ്ആപ്പ് നമ്പർ അടക്കമുള്ള കാര്യങ്ങൾ ഹൈക്കമ്മീഷൻ പങ്കുവച്ചിട്ടുണ്ട്.
High Commission of India, Dhaka+880-1937400591
Assistant High Commission of India, Chittagong +880-1814654797 / +880-1814654799
ബംഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളാവുകയും സംഘർഷം അടിച്ചമർത്താൻ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലും ടിയർ ഗ്യാസ് പ്രയോഗത്തിലും പ്രതിഷേധക്കാരിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉത്തരവിട്ടു.
സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെയാണ് ബംഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്നത്. 1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതിനോടാണ് ഒരു വിഭാഗക്കാർക്ക് എതിർപ്പ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംവരണം റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
സംവരണം നൽകുന്നതിനെതിരെയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ബംഗ്ലാദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഹർജി ഓഗസ്റ്റ് 7ന് കോടതി പരിഗണിക്കും. വിഷയത്തിൽ അന്തിമ വിധി വരുന്നത് വരെ പ്രതിഷേധക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.