40 ദിവസത്തിനുള്ളിൽ ഏഴ് തവണ പാമ്പ് കടിയേറ്റതായി അവകാശപ്പെട്ട യുവാവിന് ഒഫിഡിയോഫോബിയയെന്ന് മെഡിക്കൽ റിപ്പോർട്ട്. യുപിയിലെ ഫത്തേപൂർ സ്വദേശിയായ വികാസ് ദുബെ എന്ന 24 കാരനാണ് പാമ്പുകൾ പുറകേ നടന്ന് കടിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
കടിയേറ്റത് ഒരു തവണ മാത്രമാണെന്നും വികാസ് ദുബെയ്‌ക്ക് പാമ്പുകളെ ഭയക്കുന്ന ഒഫിഡിയോഫോബിയ ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഫത്തേപൂരിലെ ചീഫ് ഹെൽത്ത് ഓഫീസർ രൂപീകരിച്ച മൂന്നംഗ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. യുവാവിന് സൈക്യാട്രിസ്റ്റിന്റെ സഹായം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
പാമ്പ് തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഒമ്പതാം തവണ തന്റെ ജീവൻ എടുക്കുമെന്ന് പറഞ്ഞുവെന്നും യുവാവ് പറഞ്ഞിരുന്നു. ശനിയാഴ്‌ചയും ഞായറാഴ്‌ചയുമാണ് തനിക്ക് കടിയേറ്റതെന്നും ഇയാൾ പറഞ്ഞു. ഇതിന് പിന്നലെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മലയാളത്തിലടക്കം നിരവധി ട്രോളുകൾക്കും ഇത് ഇടയാക്കി . മറ്റുള്ള ദിവസം പാമ്പിന് ജോലിക്ക് പോകണമെന്നും അതുകൊണ്ടാണ് അവധി ദിവസം വന്ന് കടിക്കുന്നതെന്നും ചിലർ പ്രതികരിച്ചു.















