തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടടക്കമുള്ള ജലാശയങ്ങൾ മാലിന്യ വാഹിനികളായി മാറിയതിനുപിന്നിൽ കയ്യേറ്റങ്ങൾക്കും പങ്ക്. കയ്യേറ്റങ്ങൾ കാരണം ആമയിഴഞ്ചാൻ തോടിന്റെ വീതി പലയിടത്തും നാലിലൊന്നായി കുറഞ്ഞു. കയ്യേറ്റക്കാർക്ക് നഗരസഭ ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി ആരോപിച്ചു.
വെള്ളയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന തോട് രാജാജി നഗറിലേക്ക് എത്തുമ്പോൾ അനധികൃത കയ്യേറ്റങ്ങൾ കാരണം നാലിലൊന്നായി ചുരുങ്ങുന്നു. കയ്യേറ്റക്കാർ സിപിഎം അനുകൂലികൾ ആയതിനാൽ ഭരണകൂടവും ഒത്താശ നൽകുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. മുൻസിപ്പാലിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി തോടിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായും തോടുകളുടെ പാർശ്വഭിത്തികൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.
നഗരത്തിലെ തോടുകളുടെ സംരക്ഷണത്തിനായി അമൃത് പദ്ധതിവഴി കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ 32 ശതമാനം മാത്രമാണ് നഗരസഭ വിനിയോഗിച്ചിട്ടുള്ളത്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും അതിന്റെ തുടർ നീക്കങ്ങളിലേക്കുപോലും നഗരസഭ കടന്നിട്ടില്ലെന്ന് ബിജെപി പറഞ്ഞു.















