ന്യൂഡൽഹി : ജൂലൈ 23 ന് 2024-25 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമൻ കുറിക്കുന്നത് പുതിയ ചരിത്രം. ഇതോടെ തുടർച്ചയായി ഏഴ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടന്നാണ് നിർമ്മല സീതാരാമൻ ഈ നേട്ടത്തിനുടമയാവുക.

സീതാരാമന് മുമ്പ് തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച ചരിത്രമുണ്ട് മൊറാർജി ദേശായിക്ക്. എന്നാൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് തകർക്കാൻ നിർമല സീതാരാമന് ഇനിയും കഴിഞ്ഞിട്ടില്ല. മൊറാർജി ദേശായി 10 തവണയാണ് രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചത്, അതിൽ 8 സമ്പൂർണ ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും ഉൾപ്പെടുന്നു. അങ്ങിനെ ഭാരത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന പദവി മൊറാർജിക്കായി.
ഇതും വായിക്കുക
കേന്ദ്ര ബജറ്റ് 2024: ഈ വർഷം രാജ്യത്ത് രണ്ട് ബജറ്റുകൾ എന്തുകൊണ്ട്..?……
മൊറാർജി ദേശായി ആദ്യഘട്ടത്തിൽ 1958 മുതൽ 1963 വരെ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ 1959 മുതൽ 1963 വരെ എല്ലാ വർഷവും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു (1962-63 ലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ തുടർച്ചയായി ആകെ ആറ് ബജറ്റുകൾ ). 1967 മുതൽ 1969 വരെയായിരുന്നു ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാം വരവ്. ഇക്കാലയളവിൽ 1967-68 വർഷങ്ങളിലെ ഇടക്കാല ബജറ്റുൾപ്പെടെ നാല് ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു.
മൊറാർജി ദേശായിയുടെ ജന്മദിനമായ ഫെബ്രുവരി 29 ന് ഒരിക്കൽ അദ്ദേഹം രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുവെന്ന മറ്റൊരു റെക്കോർഡ് കൂടിയുണ്ട് അദ്ദേഹത്തിന്. ചരിത്രത്തിൽ മറ്റൊരു ധനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അവതരിപ്പിച്ച ബജറ്റുകളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനം പി ചിദംബരത്തിനുണ്ട്. 9 ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.

നിർമ്മല സീതാരാമന് മുമ്പ് 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയും തൊട്ടു പിന്നിലുണ്ട്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുൺ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുകയും 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം മുതൽ മാസത്തിലെ 1 വരെ ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയൽ കാലത്തെ പാരമ്പര്യത്തിൽ നിന്ന് ജെയ്റ്റ്‌ലി പിന്മാറിയത് 2017-ലാണ്. ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെ തുടർന്ന് 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1-ന് പിയൂഷ് ഗോയൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് 2019 മുതൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയായി ഗോയൽ സേവനമനുഷ്ഠിച്ചു.

2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, മോദി 2.0 സർക്കാരിൽ സീതാരാമൻ ധനമന്ത്രിയായി നിയമിതയായി. ഇതോടെ ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയും ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയുമായി അവർ മാറി.1970-71 സാമ്പത്തിക വർഷത്തിലാണ് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചത്.
2019-ൽ പൊതു ബജറ്റ് അവതരണ സമയത്ത് നിർമ്മല സീതാരാമൻ മറ്റൊരു മാറ്റം കൂടി കൊണ്ട് വന്നു.പ്രസംഗവും രേഖകളും വഹിക്കുന്നതിനായി പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസിന് പകരം ദേശീയ ചിഹ്നത്താൽ അലങ്കരിച്ച ലെതർ ബാഗ് (‘ബഹി-ഖാത’) ഉപയോഗിച്ച് അവർ വാർത്തകളിൽ ഇടം നേടി.
ഈ വർഷം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഒരു ഇടക്കാല ബജറ്റും അഞ്ച് സമ്പൂർണ ബജറ്റുകളും നിർമ്മല സീതാരാമൻ അവതരിപ്പിച്ചിട്ടുണ്ട്. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ എന്നിവർ അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചവരാണ്.
ഈ വർഷം (2024) ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റോടെ, തുടർച്ചയായി ആറ് ബജറ്റുകൾ എന്ന മൊറാർജി ദേശായിയുടെ റെക്കോർഡിന് സീതാരാമൻ ഒപ്പമെത്തി.മോദി 3.0 സർക്കാരിൽ രണ്ടാം തവണ ധനമന്ത്രിയായി ചുമതലയേറ്റ അവർ 2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ 23 ന് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണിത്.
![]()
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി 1947 നവംബർ 26 ന് ബജറ്റ് അവതരിപ്പിച്ചു.















