ലക്നൗ: യുപിയിലെ ഗോണ്ട ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ജില്ലാ മജിസ്ട്രേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ചണ്ഡീഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ദിബ്രുഗഡ് എക്സ്പ്രസ് (15904) ഉച്ചയ്‌ക്ക് 2.35ഓടെയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളംതെറ്റി. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു സംഭവം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകിയിരുന്നു. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും കൂടാതെ എൻഡിആർഎഫ് സംഘവും കരസേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എത്തും. ലക്നൗവിൽ നിന്നും ബൽറാംപൂരിൽ നിന്നും എൻഡിആർഎഫ് സംഘം ഗോണ്ടയിലേക്ക് തിരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് എസ്ഡിആർഎഫിന്റെ നേതൃത്വത്തിൽ നിലവിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചിരുന്നു. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും 11 ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ നാലായി ഉയർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.