ലക്നൗ: കാൻവാർ യാത്രയോടനുബന്ധിച്ച് മുസാഫർനഗറിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ഉടമകൾക്ക് നിർദേശവുമായി പൊലീസ്. ഹോട്ടലിന്റെ പേരും ജീവനക്കാരുടെ പേരുവിവരങ്ങളും ഹോട്ടലിന് പുറത്ത് എഴുതി വയ്‌ക്കണമെന്ന് പൊലീസ് നിർദേശിച്ചു. തീർത്ഥാടകരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇത്തരത്തിലൊരു അറിയിപ്പ് പുറത്തിറക്കുന്നതെന്നും മുസാഫർനഗർ പൊലീസ് അറിയിച്ചു.
മതപരമായ സംഘർഷങ്ങൾ യാത്രാമദ്ധ്യ ഉണ്ടാകരുതെന്നും മുസാഫർനഗർ പൊലീസിന്റെ കർശന നിർദേശമുണ്ട്. മുസാഫർനഗറിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് ഒരു തരത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകരുതെന്ന് പൊലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി. യാത്രയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അറിയിപ്പുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. മുൻ കാലങ്ങളിലെ മുസാഫർനഗറിലെ ഹോട്ടലുടമകൾ ഹോട്ടലിന്റെ പേരുകൾ പ്രദർശിപ്പിക്കാതിരുന്നത് തീർത്ഥാടകർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. യാത്രയുടെ ശുദ്ധിയും പവിത്രതയും തീർത്ഥാടകരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
എല്ലാ വർഷവും ജൂലൈ മാസത്തിലാണ് കാൻവാർ യാത്ര നടക്കുന്നത്. ശിവ ഭക്തരുടെ വാർഷിക തീർത്ഥാടന യാത്ര എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഗംഗാ നദി ഉൾപ്പെടെയുള്ള പുണ്യ നദികളിൽ നിന്ന് ജലം ശേഖരിച്ച് വിവിധ ശിവക്ഷേത്രങ്ങളിൽ അർപ്പിക്കുന്നു. ജൽ അഭിഷേക് എന്നാണ് ഈ ചടങ്ങിനെ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി തീർത്ഥാടകരാണ് കാൻവാർ യാത്രയിൽ പങ്കെടുക്കുന്നത്.