കോഴിക്കോട്: കനത്ത മഴയിൽ വീടനകത്ത് ഉറവ പൊട്ടി. കോഴിക്കോട് താമരശേരിയിൽ സ്ഥിതിചെയ്യുന്ന ക്വാർട്ടേഴ്സിലാണ് സംഭവം. ടൈൽസിന് ഇടയിലൂടെ വെള്ളം കയറിയതോടെ വീട് വെള്ളത്തിലാവുകയായിരുന്നു. ഇതോടെ താമസക്കാർ ദുരിതത്തിലായിരിക്കുകയാണ്. വീട്ടിലെ അടുക്കളയും കിടപ്പുമുറിയും ഡൈനിംഗ് ഹാളുമടക്കം വെള്ളത്തിൽ മുങ്ങി.
ഹോട്ടൽ തൊഴിലാളിയായ ഹരികൃഷ്ണനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ഇവരുടെ വീട്ടിൽ വെള്ളം ഉയരാൻ തുടങ്ങിയതെന്ന് ഹരികൃഷ്ണൻ പറയുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് വീടിരിക്കുന്ന ഭൂമിക്കടിയിലെ ഉറവ പൊട്ടിയതെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. തൃശൂരിൽ അഞ്ച് താലൂക്കുകളിലായി 11 ക്യാമ്പുകൾ തുറന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.