ഒറ്റനോട്ടത്തിൽ കണ്ടാൽ സാധാരണ മനുഷ്യൻ, എന്നാൽ റഷ്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി ‘ഇവാൻ ദ ടെറിബിളിന്റെ’ മുഖം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ചരിത്രത്തിലെ ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണത്തിന് അർഹനായ ഇവാൻ 1584ലാണ് മരിക്കുന്നത്. 440 വർഷങ്ങൾക്ക് ശേഷം വീണ്ടും ഭയപ്പെടുത്താൻ അയാൾ എത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ബ്രസീലിയൻ ഗ്രാഫിക് വിദഗ്ധനായ സിസറോ മൊറേസാണ് ഇവാന്റെ മുഖം പുനഃനിർമിച്ചത്. രാജ്യദ്രോഹി എന്ന് ആരോപിക്കപ്പെടുന്ന ആളുകളെ ക്രൂരമായി കൊല്ലാൻ നിർദേശം നൽകുന്ന റഷ്യൻ ഭരണാധികാരിയായിരുന്നു ഇയാൾ. ഇവാന്റെ നിഴലിനെ പോലും ജനങ്ങൾ പേടിയോടെയാണ് കണ്ടിരുന്നത്. ഭീകരതയെ പ്രണയിച്ച ഇവാൻ തന്റെ സ്വന്തം മകനെ പോലും അതിക്രൂരമായി കൊലപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു.
സോവിയറ്റ് ഗവേഷകനായ മിഖായേൽ ഗെരാസിമോവ്, ഇവാന്റെ ശവകുടീരത്തിൽ നടത്തിയ വിശദ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് ഇവാന്റെ മുഖം പുനഃസൃഷ്ടിച്ചതെന്ന് മൊറേസ് പറയുന്നു. ഭക്ഷണവും മദ്യവുമായിരുന്നു ഇവാന് പ്രിയപ്പെട്ടത്. ഇത്തരത്തിൽ കുത്തഴിഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകളിലുണ്ടായിരുന്നതെന്ന് പഠനങ്ങളിൽ നിന്ന് കണ്ടെത്തി. ഇവാൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് അളവിൽ കവിഞ്ഞ് മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലെ ദുരൂഹത ഇന്നും നിലനിൽക്കുകയാണ്.
പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവാന്റെ മുടിയും, താടിയും മുഖവും, തോളുമെല്ലാം പുനഃസൃഷ്ടിച്ചതെന്നും മൊറേസ് പറയുന്നുണ്ട്. എന്നാൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവാൻ അത്ര ഭയങ്കരനായിരിന്നില്ലെന്നാണ് മൊറോസ് പറയുന്നത്. ക്രൂരനായ ഭരണാധികാരിയെന്നത് ഇവാന്റെ എതിരാളികൾ നൽകിയ വിശേഷണമായിരിക്കാമെന്നാണ് മൊറേസിന്റെ അഭിപ്രായം.














