വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം കണ്ണപ്പ ഡിസംബറിൽ തിയേറ്ററുകളിലെത്തും. വിഷ്ണു മഞ്ചു ഇൻസ്റ്റഗ്രാമിലൂടെയാണ് റിലീസ് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിനായി മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പുരാണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന മിത്തോളജിക്കൽ ഫാൻ്റസി ചിത്രമാണ് ‘കണ്ണപ്പ’. മഹാദേവന്റെ ഭക്തനായ കണ്ണപ്പ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ എന്നിവർ അതിഥി വേഷങ്ങളായാണ് ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കണ്ണപ്പയുടെ ടീസർ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 100 കോടി ബഡ്ജറ്റിലാണ് സിനിമ നിർമിക്കുന്നത്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയുടെ തിരക്കഥ ഒരുക്കിയത്. മോഹൻ ബാബു, ശരത്കുമാർ, മുകേഷ് ഋഷി, ബ്രഹ്മാനന്ദം, മധു, പ്രീതി മുഖുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ന്യൂസിലൻഡിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അവാ എൻ്റർടൈൻമെൻ്റും 24 ഫ്രെയിംസ് ഫാക്ടറിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മണി ശർമയും സ്റ്റീഫൻ ദേവസിയും ചേർന്നാണ്.