ചെന്നൈ: കാർത്തി നായകനായഭിനയിക്കുന്ന ‘സർദാർ 2 ‘ വിന്റെ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ടു മരിച്ച സ്റ്റണ്ട് മാന് അന്തിമോപചാരമർപ്പിച്ച് കാർത്തി. അപകടത്തിൽ മരിച്ച സ്റ്റണ്ട് മാൻ ഏഴുമല (54) യുടെ കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങൾക്കു മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന കാർത്തിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ കൈപിടിച്ച് അവരെ ആശ്വസിപ്പിക്കുന്നതും കാണാം.
കഴിഞ്ഞ ദിവസം ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള പ്രസാദ് സ്റ്റുഡിയോയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ചിത്രത്തിലെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി താഴ്ചയിലേക്ക് ഏഴുമലൈ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 .30 ഓടെ മരണം സംഭവിച്ചു. നെഞ്ചിനേറ്റ പരിക്കും ശ്വാസ കോശത്തിലുണ്ടായ രക്തസ്രാവവുമാണ് മരണ കാരണമായി ഡോക്ടർമാർ വിലയിരുത്തുന്നത്. ആക്ഷൻ രംഗത്തിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് സ്റ്റണ്ട്മാൻ പങ്കെടുത്തത് എന്നും റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞ് വിരുകമ്പാക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
View this post on Instagram
അപകടത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പി എസ് മിത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 12 ന് ആണ് ആരംഭിച്ചത്. പ്രിൻസ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.