തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 107 സ്ഥാപനങ്ങൾ പൂട്ടി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന പരിശോധന നടന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശാനുസരമാണ് പരിശോധന നടത്തിയത്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പ് വരുത്തുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 2,644 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവന്ന 107 സ്ഥാപനങ്ങളാണ് പൂട്ടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 134 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. 368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. കോഴിക്കോട് -28, കൊല്ലം-21, തിരുവനന്തപുരം- 10, തൃശൂർ- 11, കോട്ടയം- 5, കണ്ണൂർ-6, എറണാകുളം-7, മലപ്പുറം-7, ആലപ്പുഴ- 5, പത്തനംതിട്ടയിൽ ഒരു സ്ഥാപനത്തിന്റെയുമാണ് പ്രവർത്തനം നിർത്തിവപ്പിച്ചത്.
ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യ കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം എന്നിവയാണ് പരിശോധിച്ചത്. ഒമ്പത് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.















