ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിനായി സുപ്രധാന ചുവടുവെപ്പുമായി അസം സർക്കാർ. കൊളോണിയൽ കാലത്തെ മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ നിയമങ്ങൾ റദ്ദാക്കി. 1935 ലെ അസം മുസ്ലീം വിവാഹ – വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട്, 1935 ലെ അസം മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ റൂൾസ് എന്നിവയാണ് റദ്ദാക്കിയത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നീക്കത്തിന് അംഗീകാരം നൽകിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രായപൂർത്തിയായില്ലെങ്കിലും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടെ റദ്ദാക്കിയ നിയമങ്ങളിൽ ഉണ്ടായിരുന്നു. ഇതിന്റെ മറവിലായിരുന്നു ശൈശവ വിവാഹങ്ങൾ നടന്നിരുന്നത്. വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാകാനും ഇതിലൂടെ സാധിക്കും.
We have taken a significant step to ensure justice for our daughters and sisters by putting additional safeguards against child marriage.
In the meeting of the #AssamCabinet today we have decided to repeal the Assam Muslim Marriages and Divorce Registration Act and Rules 1935… pic.twitter.com/5rq0LjAmet
— Himanta Biswa Sarma (@himantabiswa) July 18, 2024
“>
നിയമം റദ്ദാക്കി കൊണ്ടുള്ള ബിൽ നിയമസഭയിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വിവാഹ രജിസ്‌ട്രേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനുളള നിയമ നിർമാണവും നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നേരത്തെ അസമിൽ വ്യാപക പരിശോധനകൾ നടത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് അന്ന് പുറത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കൂടുതൽ നടപടികളിലേക്ക് നീങ്ങിയത്.















