ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കുകളുള്ളവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽ സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിന് പുറമേ ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. റെയിൽ പാളം വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ടെന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേ പിആർഒ പങ്കജ് സിംഗ് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. മൂന്ന് ജില്ലകളിലുള്ള ദുരന്ത നിവാരണ സേനകളെ അപകട സ്ഥലത്ത് വിന്യസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ സംഘവും ലക്നൗ ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഛണ്ഡീസ്ഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ദിബ്രുഗഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു സംഭവം.
അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും 11 ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു.















