കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ.) ഭാഗമാകുന്ന ഫ്രാഞ്ചെസികളെ തിരഞ്ഞെടുത്തു. ഐപിഎൽ മാതൃകയിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ ആറ് ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. സംവിധായകൻ എസ് പ്രിയദർശനും നിർമ്മാതാവും വ്യവസായിയുമായ സോഹൻ റോയും ഫ്രാഞ്ചെസികളെ സ്വന്തമാക്കി. സെപ്റ്റംബർ രണ്ട് മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പേരും മറ്റ് വിശദാംശങ്ങളും പിന്നീട് തീരുമാനിക്കുമെന്നും കെസിഎ അറിയിച്ചു.
ഫ്രാഞ്ചെസികളും ഉടമകളും
എസ്. പ്രിയദർശൻ (ജോസ് പട്ടാറ കൺസോർഷ്യം)
സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്)
സജാദ് സേഠ് (ഫൈനസ്സ് കൺസോർഷ്യം)
ടി. എസ്. കലാധരൻ (കൺസോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
സുഭാഷ് ജോർജ് മാനുവൽ (എനിഗ്മാറ്റിക് സ്‌മൈൽ റിവാർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്)
സഞ്ജു മുഹമ്മദ് (ഇകെകെ ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ്)
ടെൻഡറിലൂടെയാണ് ഫ്രാഞ്ചെസികളെ തിരഞ്ഞെടുത്തത്. 13 അപേക്ഷകളിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ക്വോട്ട് ചെയ്ത ആറു പേർക്ക് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിനായി രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളിൽ നിന്ന് ലേലത്തിൽ പങ്കെടുക്കാനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നത് കെസിഎ ആയിരിക്കും. താരലേലത്തിലൂടെയായിരിക്കും ഫ്രാഞ്ചെസികൾ താരങ്ങളെ തിരഞ്ഞെടുക്കുക.