ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നുണക്കുഴിയുടെ രസകരമായ പോസ്റ്റർ പങ്കുവച്ച് ബേസിൽ ജോസഫ്. ചിത്രത്തിന്റെ ടീസർ നാളെ പുറത്തിറങ്ങുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ‘Basically iam a richman show some respect’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. സ്യൂട്ട് ധരിച്ച് നിൽക്കുന്ന ബേസിലിനെയും ചിത്രത്തിൽ കാണാം.
പോസ്റ്ററിന് പിന്നാലെ ബേസിലിനെ വാനോളം പുകഴ്‌ത്തുന്ന കമന്റുകളാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത്. സിനിമാ രംഗത്ത് ഹെയ്റ്റേഴ്സ് ഇല്ലാത്ത ജാഡയില്ലാത്ത നടനാണെന്നും ഹൃദയം നിറഞ്ഞ ആശംകൾ നേരുന്നുവെന്നും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് ടീസർ എത്തുന്നത്. കെ ആർ കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തിനായി ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ബൈജു സന്തോഷ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, അസീസ് നെടുമങ്ങാട്, സെൽവരാജ്, സ്വാസിക, നിഖില വിമൽ, ലെന, ശ്യാം മോഹൻ തുടങ്ങിയ ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.















