ഹാംബർഗ്: ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ജർമ്മനിയിലെ ഹാംബർഗിലെത്തി. ജർമ്മൻ നാവികസേനാംഗങ്ങളുമായുളള ആശയവിനിമയവും നാവിക അഭ്യാസ പ്രകടനങ്ങളുമുൾപ്പെടെ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പുറമെ ഇന്ത്യൻ സംസ്‌കാരം പ്രദർശിപ്പിക്കുന്നതിനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നാവികസേന കരുതുന്നു. ജർമ്മൻ നാവിക അക്കാദമി സന്ദർശനം കമ്യൂണിറ്റി സേവനം തുടങ്ങിയവയും സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്ന് നാവികസേന അറിയിച്ചു.
സാമ്പത്തിക സഹകരണം, ശാസ്ത്ര ഗവേഷണം , സാംസ്‌കാരിക വിനിമയം, പ്രതിരോധ സഹകരണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഐഎൻഎസ് തബാറിന്റെ സന്ദർശനം ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടി റഷ്യയിൽ നിർമ്മിച്ച മുൻനിര യുദ്ധക്കപ്പലാണ് ഐഎൻഎസ് തബാർ. ക്യാപ്റ്റൻ എം.ആർ.ഹരീഷ് ആണ് കപ്പൽ കമാൻഡർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമാണ് കപ്പൽ. വൈവിധ്യമാർന്ന ആയുധങ്ങളും സെൻസറുകളും കൊണ്ട് സജ്ജമാക്കിയിരിക്കുന്ന തബാർ നാവികസേനയുടെ ആദ്യകാല സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഒന്നാണ്.