എറണാകുളം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിച്ച് തുറമുഖ വകുപ്പിനു കീഴിലെ കേരള മാരി ടൈം ബോർഡ്. ഇതു സംബന്ധിച്ച് താൽപര്യം അറിയിച്ച സംരംഭകരുമായി 19ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തനൊരുങ്ങി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള.19ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് പത്തിലേറെ ബന്ധപ്പെട്ട കമ്പനി അധികൃതർ താൽപര്യമറിയിച്ചു റജിസ്റ്റർ ചെയ്തിട്ടുണ്ട് . ഈ സംരംഭകർ ആവശ്യപ്പെടുന്ന നിയമാനുസൃത സഹായങ്ങൾ, സൗകര്യങ്ങൾ തുടങ്ങിയവ എന്താണെന്ന് അറിയുന്നതിനായാണ് കൂടിക്കാഴ്ച. അതിനു ശേഷമാണു താൽപര്യ പത്ര സമർപ്പണം. ഈ നടപടി ക്രമങ്ങൾ വേഗത്തിൽ കഴിഞ്ഞാൽ ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനാകുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
ക്രൂസ് കപ്പൽ സർവീസ് തുടങ്ങിയാൽ വിഴിഞ്ഞത്തു നിന്നു ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ സമീപ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര യാത്ര കപ്പൽ സർവീസുകൾ ഉണ്ടാവും.വിഴിഞ്ഞത്തു നിന്നു കൊല്ലം, ബേപ്പൂർ, മംഗളൂരു തുടങ്ങിയ തുറമുഖങ്ങളിലേക്കു രാത്രി–പകൽ ഉല്ലാസ ആഡംബര യാത്രാ കപ്പൽ സർവീസുകളാരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ശ്രീലങ്ക പോലുള്ള സമീപ വീദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവീസുകൾ ഉണ്ടായിരിക്കും.
വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിൽ നിന്നു വിദേശ കപ്പൽ സർവീസുകളാരംഭിക്കുന്നതിനുള്ള നിയമാനുസൃത അനുമതികളും നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.ഇത് ക്രൂസ് കപ്പൽ സർവീസ് തുടങ്ങുന്നതിന് സഹായകരമാണെന്നു ചെയർമാൻ പറഞ്ഞു. ഐഎസ്പിഎസ് കോഡ്, ഇമിഗ്രേഷൻ ചെക് പോസ്റ്റ്(ഇസിപി) തുടങ്ങിയ അനുമതികൾ ഇവയ്‌ക്കുണ്ട്
കടൽ വഴിയുള്ള ക്രൂസ് കപ്പൽ സർവീസ് കൂടാതെ കേരളത്തിലെ നദികൾ, കായലുകൾ എന്നീ ഉൾനാടൻ ജലാശയങ്ങളിലൂടെയും ആഡംബര–ഉല്ലാസ യാത്ര പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങളും 19ന് ചർച്ച ചെയ്യും.















