ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാറ് മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടത്. റഷ്യയിലെ ക്രാസ്നോയാർസ്ക അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് റഷ്യൻ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
255 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാറ് പരിഹരിക്കുന്നതിനായി വിമാനം ടെർമിനലിലേക്ക് കൊണ്ടുപോയി. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സാൻഫ്രാൻസിസ്കോയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
വിമാനം റഷ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. യാത്രക്കാർക്ക് ഭക്ഷണം, താമസം, ആവശ്യമായ മെഡിക്കൽ സഹായങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.















