ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ റെയിൽപാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും രാവിലെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ചാണ് റെയിൽപാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കുകളുള്ളവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
റെയിൽ സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിന് പുറമേ ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേ പിആർഒ പങ്കജ് സിംഗ് പറഞ്ഞു.
ഛത്തീസ്ഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ദിബ്രുഗഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു അപകടം.















