വീണ്ടും യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ തലപ്പത്ത് ഉർസുല വോൺ ഡെർ ലെയ്ൻ. ഇത് രണ്ടാം തവണയാണ് 65-കാരി ഇ.യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂണിയന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനും യൂറോപ്യന്റെ വ്യവസായത്തെ ശക്തിപ്പെടുത്തതിനും വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
വൈകാരികതയും ഏറെ പ്രത്യേകതയും നിറഞ്ഞ നിമിഷമാണിതെന്നാണ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉർസുല ലെയ്ൻ പ്രതികരിച്ചത്. ഫലം ആത്മവിശ്വാസം കൂട്ടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വളരെ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ അഞ്ച് വർഷം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും ഇനിയും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുമെന്ന പ്രത്യാശയും അവർ പങ്കുവച്ചു.
720 സീറ്റുകളുള്ള ചേംബറിൽ 361 വോട്ടുകളുടെ കേവല ഭൂരുപക്ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമെന്നിരിക്കെ 401 വോട്ടുകളുടെ പിന്തുണയാണ് ഉർസുല ലെയ്നിന് ലഭിച്ചത്. ജെർമനിയുടെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന ഉർസുല ലെയ്ൻ 2019-ലാണ് യൂറോപ്യൻ യൂണിയന്റെ സാരഥിയായി അധികാരമേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അവർ.















