ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട് വിഷയത്തെ രാഷ്‌ട്രീയ വിമർശന ബുദ്ധിയോടെ കാണാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയ വിമർശനമായി വിഷയത്തെ കാണാൻ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ ജനങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മാനുവൽ സ്കാവഞ്ചിംഗ് രാജ്യത്ത് നിർത്തലാക്കിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാത്തിനും പോംവഴിയാണ് വേണ്ടത്. ഇനിയും സംഭവിക്കരുത് എന്ന് പറയുന്നതല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ മുറവിളി മാത്രം. അടുത്തത് സംഭവിക്കുന്നത് വരെ പോലും ആ മുറവിളി നീണ്ടുനിൽക്കുന്നില്ല. ആവർത്തിക്കപ്പെടുമ്പോഴും പുതിയ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തപ്പെടുന്നു. മറുപടിയല്ല, മറുനടപടിയുണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
കർണാടകയിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ തിരച്ചിൽ മുടങ്ങിയത് അന്വേഷിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദുരന്തനിവാരണ സേന നമുക്കുണ്ട്. വെള്ളപ്പൊക്കവും കടൽക്ഷോഭവും വരുമ്പോൾ മാത്രമല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിലും അവരുടെ സേവനം ലഭ്യമാക്കേണ്ടതായിരുന്നു. എന്തുകൊണ്ട് അത് നടന്നില്ല എന്ന് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.















