റാഞ്ചി: ക്ഷേത്ര പരിസരത്ത് ഓഫീസ് കെട്ടിടം നിർമിക്കാൻ മണ്ണ് മാറ്റുന്നതിനിടെ കണ്ടെടുത്തത് പുരാതാന വിഗ്രഹങ്ങൾ. ജാർഖണ്ഡിലെ നഗർ പഞ്ചായത്തിലാണ് ആയിരത്തിലധികം വർഷമുള്ള മൂർത്തികളെ കണ്ടെത്തിയത്. ശിവ-പാർവ്വതി വിഗ്രഹം ആണെന്നാണ് നിഗമനം. നിലവിൽ ക്ഷേത്രത്തിന് സമീപം താൽകാലിക പീഠത്തിൽ വിഗ്രഹം സ്ഥാപിച്ചിരിക്കുകയാണ് ഗ്രാമീണർ.
ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ക്ഷേത്ര കമ്മിറ്റി വിവരം അറിയിച്ചിട്ടുണ്ട്. കാലപ്പഴക്കം നിർണയിക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ സേവനം തേടാനാണ് അധികൃതരുടെ തീരുമാനം. ശേഷം വിഗ്രഹം പ്രതിഷ്ഠിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
മാസങ്ങൾക്ക് മുമ്പ് കിൽബോന ഗ്രാമത്തിൽ നിന്നും ഇത്തരത്തിൽ വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. 2000 ലധികം വർഷം പഴക്കമുള്ള ഗണേശന്റെയും കാർത്തികേയന്റെയും വിഗ്രഹമാണ് ലഭിച്ചത് .