ന്യൂഡൽഹി: ബോളിവുഡ് നടനും നിർമാതാവുമായ കൃഷൻ കുമാറിന്റെ മകൾ തിഷ കുമാർ (21) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ജർമ്മനിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നടിയായിരുന്ന ടാന്യ സിംഗ് ആണ് അമ്മ. ഇവരുടെ ഏകമകളാണ് തിഷ.
കൃഷൻ കുമാർ നിർമിച്ച അനിമൽ സിനിമയുടെ പ്രീമിയറിന് തിഷ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അതിന് ശേഷം പൊതുമദ്ധ്യത്തിൽ എത്തിയിരുന്നില്ല. ടി സീരിസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരനാണ് കൃഷൻ കുമാർ.
കാൻസർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുടുംബം ചികിത്സയ്‌ക്കായി ജർമ്മനിയിൽ പോയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കേവലം 21 വയസ്സ് മാത്രമായിരുന്നു പ്രായം. കുടുംബം വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
നടൻ ആയാണ് കൃഷൻ കുമാർ സിനിമയിൽ എത്തിയത്. ആജാ മേരി ജാൻ, കസം തേരി കസം, ശബ്നം, ബേവാഫ സനം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . 2000-ൽ പുറത്തിറങ്ങിയ പാപ്പാ ദി ഗ്രേറ്റ് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. റെഡി, ലക്കി: നോ ടൈം ഫോർ ലവ്, എയർലിഫ്റ്റ്, സത്യമേവ ജയതേ, തപ്പഡ് തുടങ്ങിയ ഹിറ്റുകളുടെയും നിർമാതാവായിരുന്നു.















