തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. സമാധാനപരമായി മാർച്ച് നടത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സർവകലാശാലകളുടെ പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക, സർവകലാശാലകളിലെ അന്യായ ഫീസ് വർദ്ധന അവസാനിപ്പിക്കുക, നാലുവർഷബിരുദം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, സർക്കാർ കോളേജിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക, വിദേശ വിദ്യാർത്ഥി റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി മാർച്ച് നടത്തിയത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നതിൽ പ്രശ്‌നമില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറയുന്നതെന്ന് ഈശ്വരപ്രസാദ് കുറ്റപ്പെടുത്തി. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കാലത്താണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി കുടിയേറ്റമുണ്ടായത്. വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലേക്ക് സാന്റാ മോണിക്ക ഡയറക്ടർ റെനി സെബാസ്റ്റിയാനെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ബാലൻ പൂതേരി ഉൾപ്പെടെയുള്ളവരെ സെനറ്റ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യുമ്പോൾ അതിനെതിരെ സംസാരിക്കുന്നവരാണ് നാടിന്റെ യുവസമ്പത്തിനെ നശിപ്പിക്കുന്ന വിദേശ ഏജൻസികളുടെ തലപ്പത്തിരിക്കുന്നവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്യുന്നത്. ഇ ഗ്രാന്റ്‌സ്, സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ളവ മുടങ്ങി കിടക്കുമ്പോഴാണ് സർവകലാശാലകളിലെ 116 കോടിയുടെ മരാമത്ത് പണികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാൻ നീക്കം നടക്കുന്നതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തൃശൂർ ജില്ലാ സെക്രട്ടറി കെ എസ് യദുകൃഷ്ണ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്, ദേശീയ നിർവാഹക സമിതി അംഗം ശരത് സദൻ എന്നിവർ സംസാരിച്ചു.















