തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ നക്സലുകൾ സ്വാധീനം ശക്തമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കൊച്ചിയിലും തൃശൂരും കോഴിക്കോടും അർബൻ മാവോയിസ്റ്റുകൾ രഹസ്യയോഗങ്ങൾ ചേർന്നതായി ഐബിയുടെ റിപ്പോർട്ടിൽ പറയുന്നു. അർബൻ മാവോയിസ്റ്റ് – കമ്മ്യൂണിസ്റ്റ് ഭീകർക്ക് പിഎഫ്ഐ ബന്ധമെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലും ഐബിയുടെ ഭാഗത്ത് നിന്നുണ്ടായി.
155 പേരാണ് സംസ്ഥാനത്ത് അർബൻ മാവോയിസ്റ്റ് ഗ്രൂപ്പിൽ സജീവമായി പ്രവർത്തിക്കുന്നത്. ജനകീയ സമരങ്ങളിലടക്കം ഇവർ നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവരിൽ മിക്കവരും പ്രൊഫഷണലുകളാണ്. സായുധ ആക്രമണം നടത്തുന്ന കമ്യൂണിസ്റ്റ് ഭീകരരെ പിന്തുണയ്‌ക്കുകയും മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. മറൈൻഡ്രൈവിൽ ഇവർ ഒത്തുകൂടാറുണ്ടെന്നും ഐബി വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ഭീകരർ സംസ്ഥാനത്ത് പ്രവർത്തനം ശക്തമാകുമ്പോൾ നഗരമേഖലയിൽ അർബൻ മാവോയിസ്റ്റുകൾ സ്വാധീനം ഉറപ്പിക്കുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . പ്രത്യക്ഷത്തിൽ തീവ്ര ഇടുപക്ഷക്കാർ എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് ഭീകരൻ മനോജിനെ കുറിച്ചും പരാമർശമുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയിൽ വരുന്ന പീപ്പിൾ ലിബറേഷൻ ആർമിയിലെ കബനി ദളത്തിലെ അംഗമാണ് മനോജ്.















