ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർന്ന ദിനമായിരുന്നു ഓഗസ്റ്റ് 23. ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡ് ചെയ്തപ്പോൾ ഏതൊരു ഭാരതീയനെയും പോലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും സന്തോഷവാനായിരുന്നു. കോൺവൊക്കേഷനിൽ ഇന്ന് പിഎച്ച്ഡി ബിരുദം നേടിയ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
ഇതോടെ താൻ എസ് സോമനാഥനിൽ നിന്ന് ഡോ. എസ്. സോമനാഥ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് പോലെ പ്രശസ്തമായൊരു സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയത് വലിയൊരു ബഹുമതിയാണ്. കേരളത്തിലെ സാധാരണ ഗ്രാമത്തിൽ വളർന്ന ഞാൻ, ക്ലാസ് ടോപ്പർ ആയിരുന്നുവെങ്കിലും ഐഐടി മദ്രാസിലെ പരീക്ഷ എഴുതാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ എന്നെങ്കിലും ഒരുനാൾ ഇവിടെ നിന്നും ബിരുദം നേടുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നാണ് ഞാൻ ബിരുദാനന്തര ബിരുദം നേടിയത്. ഇപ്പോൾ ഐഐടി മദ്രാസിൽ നിന്ന് എനിക്കെന്റെ സ്വപ്‌നം സഫലമാക്കാൻ സാധിച്ചു. ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് ഐഐടി മദ്രാസിൽ രജിസ്റ്റർ ചെയ്തതെന്നും വൈബ്രേഷൻ ഐസൊലേറ്ററുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിഎച്ച്ഡി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കൃതത്തിൽ സോമനാഥ് എന്ന പേരിനർത്ഥം ചന്ദ്രന്റെ നാഥൻ എന്നാണ്. മനുഷ്യരെ ബഹിരാകാശത്ത് അയക്കുന്നതിനായുള്ള ഗഗൻയാൻ ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ഡോ.എസ് സോമനാഥ്.