ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷത്തിൽ സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. മോസ്‌കോയിൽ ദ്വിദിന സന്ദർശനെത്തിയപ്പോൾ, റഷ്യ സാധാരണക്കാർക്കെതിരെയും കുട്ടികൾക്കെതിരെയും അഴിച്ചുവിടുന്ന ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയെന്നും രൺധീർ പറഞ്ഞു. റഷ്യൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിനിന്റെ സ്ഥിതിഗതികൾ അവതരിപ്പിച്ചില്ലെന്ന വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രൺധീർ ജയ്‌സ്വാൾ.
” ഇന്ത്യയും റഷ്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് പോയത്. റഷ്യ- യുക്രെയിൻ സംഘർഷവും അദ്ദേഹം പുടിനുമായി ചർച്ച ചെയ്തു. ഏതൊരു സംഘർഷത്തിനും യുദ്ധം പരിഹാരമായി കാണരുതെന്ന് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞു. നിരപരാധികളായ മനുഷ്യരാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി”.- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുക്രെയിൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബയുമായി നയതത്രബന്ധം വിപുലമാക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. യുക്രെയിനിലുള്ള ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുന്നതിനും കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
ദ്വിദിന സന്ദർശനത്തിനായി മോസ്‌കോയിലെത്തിയപ്പോൾ പുടിനെ പ്രധാനമന്ത്രി ആലിംഗനം ചെയ്തതിൽ യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുക്രെയിൻ- റഷ്യ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.