തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിന് ശേഷം സ്ഥലത്ത് എത്താതിരുന്ന എംപിക്കെതിരെയുർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ. ‘എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോഴും ശേഷം മൃതദേഹം കിട്ടുമ്പോഴും രണ്ടു പോസ്റ്റിട്ടില്ലേ, ഫെയ്സ്ബുക്കിൽ. ഇതിൽ കൂടുതൽ ഒരു എംപി എന്തു ചെയ്യാൻ.
ഞാൻ അവിടെ ഉണ്ടായിട്ട് എന്താണ് കാര്യം. ഒരു എംപിയുടെ ഉത്തരവാദിത്തമല്ല ഇതൊന്നും. അപകടത്തിൽ നഗരസഭയ്ക്കും റെയിൽവേയ്‌ക്കും പങ്കുണ്ട്. എംപിയെന്ന നിലയിൽ തനിക്ക് അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എനിക്ക് ഒരു അവകാശവുമില്ല. താൻ ആ സമയത്ത് വയനാട്ടിലായിരുന്നു. പിറ്റേന്ന് കെ.പി.സി.സിയുടെ മീറ്റിംഗുണ്ടായിരുന്നു.
അതാണ് വരാൻ പറ്റാതിരുന്നത്. ഇവിടെയുണ്ടായിരുന്നുവെങ്കിൽ എത്തിയേനെ.365 ദിവസവും ഇവിടെയുണ്ടാകാൻ സാധിക്കില്ലല്ലോ.ഓരോ ആവശ്യങ്ങൾ വരുമല്ലോ–എന്നും ശശി തരൂർ ചോദിച്ചു. എംപിയുടെ സാന്നിദ്ധ്യം ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തകരോട് തന്റെ ഉത്തരവാദിത്തം എന്താണെന്ന് പറഞ്ഞു തരാനും തരൂർ ആവശ്യപ്പെട്ടു.