തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് ഓഫീസിൽ ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെയാണ് നടപടി. ക്ഷേത്രത്തിൽ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെയിരുന്നു.
ക്ഷേത്ര ഓഫീസിന് സമീപത്തെ ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിലും സമയ നിയന്ത്രണം ഏർപ്പെടുത്തി. ഡ്യൂട്ടിയിലില്ലാത്തവർക്ക് ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിനും ഭരണസമിതി വിലക്കേർപ്പെടുത്തി. എക്സിക്യൂട്ടിവ് ഓഫീസിൽ ജീവനക്കാർ പ്രവൃത്തി സമയം കഴിഞ്ഞും തുടരണമെങ്കിൽ മുൻ കൂർ അനുമതി വാങ്ങണം. അവധി ദിവസങ്ങളിൽ ഓഫീസ് തുറക്കുന്നതിലും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും, ജീവനക്കാരിൽ പലരും മദ്യവും മാംസവും ഇതേ സ്ഥലത്ത് ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ സമിതി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.