സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോപ്‌സ് പദ്ധതിയിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും കായിക താരങ്ങൾക്ക് മികച്ച പിന്തുണ നൽകുകയാണ് കേന്ദ്ര സർക്കാർ. പാരിസ് ഒളിമ്പിക്‌സിൽ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് വേണ്ടി 470 കോടി രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 117 അത്‌ലറ്റുകളാണ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ ഏഴ് മെഡലുകളുടെ റെക്കോർഡ് തിരുത്തി ഇത്തവണ എക്കാലത്തെയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. അമ്പെയ്‌ത്ത്, ബാഡ്മിന്റൺ, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് ഉൾപ്പെടെ 16 മത്സരയിനങ്ങളിൽ ഇന്ത്യൻ സംഘം മാറ്റുരയ്‌ക്കും. നീരജ് ചോപ്ര, പി.വി സിന്ധു, മീരാഭായ് ചാനു, ചിരാഗ് ഷെട്ടി- സാത്വിക് സായ് രാജ് തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഒളിമ്പിക്‌സിന്റെ ഭാഗമാകുന്ന കായിക താരങ്ങളിൽ ചിലർക്ക് വേണ്ടി ചെലവഴിക്കുന്ന തുക ഇതാണ്.
പാരിസ് ഒളിമ്പിക്‌സിന് പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന് വിദേശ പരിശീലനത്തിനും വിദഗ്ദ പരിശീലകർക്കുമായി 41.81 കോടി രൂപയാണ് ചെലവഴിക്കുന്നത്. അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച നീരജ് ചോപ്രയുടെ പരിശീലനത്തിന് 5.72 കോടിയും ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി- സാത്വിക് സായ് രാജ് എ്ന്നിവരുടെ പരിശീലനത്തിന് 5.62 കോടിയുമാണ് കേന്ദ്രസർക്കാർ നൽകുന്നത്. പാരിസിൽ മൂന്നാം ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിടുന്ന പിവി സിന്ധുവിന് 3.13 കോടിയാണ് നൽകുന്നത്. പരിശീലകൻ അഗസ് ദ്വി സാന്റോയുടെ ചെലവ് ഉൾപ്പെടെയാണിത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീര ഭായ് ചാനുവിന് 2.74 കോടിയും ഷൂട്ടിംഗ് താരങ്ങളായ മനു ഭക്കറിനും അനീഷ് ഭൻലവാലയ്‌ക്കും 2.41 കോടിയുമാണ് നൽകുന്നത്. രോഹൻ ബൊപ്പണ്ണയ്‌ക്ക് 1.59 കോടിയുമാണ് പരിശീലനത്തിനും മറ്റുമായി നൽകുന്നത്.
ജൂലൈ 26-നാണ് ഒളിമ്പിക്‌സിന് തുടക്കമാകുക. 32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളിലെ കായികതാരങ്ങൾ മത്സരിക്കും. ബ്രേക്കിംഗ്, സ്‌കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിങ്ങനെ നാല് പുതിയ മത്സരയിനങ്ങൾ കൂടി പാരിസ് ഒളിമ്പിക്‌സിനുണ്ട്.















