കൊച്ചി: കേരള ഐഎസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ സഹീർ തുർക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. നേരത്തെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതിയും തളളിയത്.
അപ്പീലിന് അർഹതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തളളിയത്. കേസിൽ അറസ്റ്റിലായിരുന്ന ഐഎസ് കേരള അമീർ നബീൽ അഹമ്മദ് ഉൾപ്പെടെയുളളവർക്ക് ഒളിവിൽ പോകാനും മറ്റ് സഹായങ്ങളും നൽകിയത് സഹീർ ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികൾക്കും ഒളിതാവളങ്ങൾ ഒരുക്കുകയും സിം കാർഡുകൾ എടുത്തു നൽകുകയും ചെയ്തത് ഇയാളാണ്. ഇവർക്ക് കേരളം വിടാൻ സാമ്പത്തിക സഹായം ഒരുക്കി നൽകിയതും സഹീർ ആയിരുന്നുവെന്ന് എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.
മണ്ണാർക്കാട് അലനല്ലൂർ കാട്ടുകുളം സ്വദേശി സഹീർ തുർക്കിയെ കഴിഞ്ഞ സെപ്തംബറിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായിരുന്ന നബീൽ അഹമ്മദിന്റെ കൂട്ടാളിയായിരുന്നു ഇയാൾ. കേരളത്തിൽ ഐഎസ് ഭീകരവാദ പ്രവർത്തനത്തിന് ആസൂത്രണം നടത്തുകയും, പണം കണ്ടെത്താൻ ബാങ്ക് കൊള്ളകൾക്ക് പദ്ധതിയിടുകയും ചെയ്തുവെന്നാണ് കേസ്. ടെലിഗ്രാം വഴി രഹസ്യമായിട്ടായിരുന്നു ഇവരുടെ നീക്കങ്ങൾ.















