ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ സതീഷ് സെയിൽ. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ദുരന്ത സ്ഥലം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒൻപത് പേർ മരിക്കുകയും കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കാണാതായ പശ്ചാത്തലത്തിലുമാണ് സതീഷ് സെയിലിന്റെ വാക്കുകൾ.
” മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കേണ്ടതുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഗ്രാമത്തിലെ നിരവധി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളവും, ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ അഭയാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.”- സതീഷ് സെയിൽ പറഞ്ഞു.
കാണാതായവർക്കായുള്ള തെരച്ചിൽ 6:30 ഓടെ പുനഃരാരംഭിക്കും. എൻഡിആർഫ്, എസ്ഡിആർഫ്, നാവികസേന, പൊലീസ്, അഗ്നിശമന സേന തുടങ്ങിയവർ തെരച്ചിലിൽ പങ്കാളികളാകും. റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ നടത്തുക.