പനാജി: ചരക്ക് കപ്പലിൽ വൻ തീപിടിത്തം. ‘എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്’ എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന് തീപിടിച്ചത്. ഫിലിപ്പീൻസ് സ്വദേശിയായ ഒരാൾ മരിച്ചതായാണ് വിവരം.
കപ്പലിന്റെ മുൻഭാഗത്ത് സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. ഫിലിപ്പീൻസ്, മോണ്ടിനെഗ്രിൻ, യുക്രെയ്ൻ സ്വദേശികൾ ഉൾപ്പെടെ 21 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. മുന്ദ്ര തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. സ്ഫോടകവസ്തുക്കൾ, കത്തുന്ന ദ്രാവകങ്ങൾ, വാതകങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ പോലുള്ള ഇൻ്റർനാഷണൽ മാരിടൈം ഡെഞ്ചറസ് ഗുഡ്സ് (IMDG) വിഭാഗത്തിൽപെട്ട ചരക്കുകളായിരുന്നു കപ്പലിൽ.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണെങ്കിലും കാലവസ്ഥ പ്രതികൂലമാണെങ്കിലും തീ അണയ്‌ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സേന അറിയിച്ചു. നിലവിൽ കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ട് കപ്പലുകൾ കൂടി കോസ്റ്റ് ഗാർഡ് പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനായി ഡോർണിയർ വിമാനവും രംഗത്തിറക്കി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. തീ അണയ്‌ക്കാൻ കഴിയാതെ വന്നപ്പോൾ മാത്രമാണ് ജീവനക്കാർ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചതെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ആദ്യം കപ്പൽ ജീവനക്കാർ സ്വയം തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. ഡെക്കിൽ അതിവേഗം തീ പടർന്ന് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.















