പാരീസ് ; ഒളിമ്പിക്‌സിൽ അത്‌ലറ്റുകൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്. ജൂലൈ 26 മുതല്‍ ആഗസ്ത് 11 വരെ ഗെയിംസും ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 8 വരെ പാരാലിംപിക്‌സും നടക്കാനിരിക്കെയാണ് ഫ്രാന്‍സ് തങ്ങളുടെ ദേശീയ ടീം കളിക്കാര്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
2023 സെപ്തംബർ 24 ന് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്ററയാണ് ആദ്യം വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം ആംനസ്റ്റി ഇൻ്റർനാഷണലും മറ്റ് നിരവധി സംഘടനകളും ഒത്തുചേർന്ന് ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് കത്ത് അയച്ചു.
പാരീസ് ഒളിംപിക് ഗെയിംസിലും എല്ലാ കായിക ഇനങ്ങളിലും ശിരോവസ്ത്രം ധരിക്കുന്നതിന് ഫ്രഞ്ച് അത്‌ലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ഫ്രാന്‍സിലെ കായിക അധികാരികളോട് പരസ്യമായി അഭ്യര്‍ഥിക്കണമെന്നാണ് ഐഒസിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സംയുക്തമായി അയച്ച കത്തിനോട് ഐഒസി വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു.
ഫ്രാൻസിന്റെ ശിരോവസ്ത്ര നിരോധനം കമ്മിറ്റിയുടെ പരിധിക്ക് പുറത്താണെന്നും “മതസ്വാതന്ത്ര്യം വിവിധ സംസ്ഥാനങ്ങൾ പല തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു” എന്നും ഐഒസി മറുപടിയിൽ പറഞ്ഞു.















