പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ധനു രാശിക്കാർക്ക് ഈ വാരം കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. കഴിയുന്നതും തർക്കങ്ങൾ ഒഴിവാക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുക. മറ്റുള്ളവരിൽ അമിതമായി വിശ്വസിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. കലാകാരന്മാർക്ക് അവരുടെ മേഖലയിൽ ശത്രുക്കളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി അനുഭവപ്പെടാം. മാനസികമായും ശാരീരികമായും വെല്ലുവിളികൾ സജ്ജമായിരിക്കേണ്ട കാലഘട്ടമായിരിക്കും ഇത്. സ്വന്തം ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്, ഇത് ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് പ്രതികൂലമായി ഭവിക്കാം, ചിലപ്പോൾ ആശയ മോഷണം വരെ പ്രതീക്ഷിക്കാം.
മാതാവിനോ മാതൃ ബന്ധുക്കൾക്കോ ആരോഗ്യ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ, കൃഷി, കന്നുകാലി വളർത്തൽ, മറ്റ് അനുബന്ധ മേഖലകളിൽ ബിസിനസ്സ് നടത്തുന്നവർക്ക് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാനും പങ്കാളിക്ക് അമിതമായ സംശയം ഉണ്ടാകാനും സാധ്യതയുണ്ട്. ധനു രാശിക്കാർ മുൻകൈയെടുത്തു തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ഈ കാലയളവിൽ അസ്വസ്ഥത തോന്നിയാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം മാനസിക സമ്മർദ്ദം മറ്റ് ശാരീരിക അസുഖങ്ങൾ ആയി മാറും.
ചില സാഹചര്യങ്ങളിൽ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, മാനസികമായി ശക്തരായിരിക്കുകയും ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിർദോഷമായ രീതിയിൽ റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നത് പിഴ അടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
ധനുക്കൂറിൽ ഉൾപ്പെടുന്ന മൂലം, പൂരാടം നക്ഷത്രക്കാർ യഥാക്രമം ബുധൻ, ചൊവ്വ ദിവസങ്ങളിൽ ആചാരാനുഷ്ഠാനങ്ങളോടെ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ജൂലൈ 21-ന് ഉത്രാടം നക്ഷത്രക്കാരുടെ പക്കപിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം മകരം രാശികരിലെ കലാകാരന്മാർക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും അവരുടെ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്. വിവാദപരമായ വിഷയങ്ങളിൽ സംശയലേശമന്യേ നിങ്ങൾ സ്വീകരിക്കുന്ന സത്യസന്ധവും ധീരവുമായ നിലപാടുകൾ പൊതുജനങ്ങളുടെ അംഗീകാരവും പ്രശംസയും നേടിയെടുക്കും. മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിനും സഹായകമാകും.
സിനിമ, സീരിയൽ തുടങ്ങിയ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡുകളും അംഗീകാരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിൽ സംതൃപ്തി, അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യം, മാനസിക സുഖം, സുഹൃദ്ബന്ധങ്ങൾ എന്നിവ ഈ കാലയളവിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും വർധിപ്പിക്കും. ദീർഘകാലമായി രോഗതിദുരിതങ്ങൾ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നവർക്ക് ആശ്വാസം ലഭിക്കുകയും ആരോഗ്യസ്ഥിതിയിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്യും. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് അയവ് വരുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നത് വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കും.
സാഹിത്യകാരന്മാർക്ക് അവരുടെ സൃഷ്ടികൾ വായനക്കാരിലേക്ക് എത്തിക്കാനും അംഗീകാരം നേടാനുമുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ അസാധാരണമായ ചിന്താശേഷിയും സർഗ്ഗാത്മകതയും വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെടും. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും ഭാവിയിൽ അവ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ലഭിക്കുന്ന അവസരങ്ങൾ ഒന്നും തന്നെ പാഴാക്കരുത്.
ജൂലൈ 21, 22, 23 തീയതികൾ യഥാക്രമം ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാരുടെ പക്കപിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരത്തിന്റെ ആരംഭത്തിൽ കുംഭരാശിക്കാരുടെ വ്യക്തിപരമായ ഇടപെടലുകൾ, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ടുള്ളവ വളരെ വലിയ വൈകാരിക പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ഹണി ട്രാപ്, ട്രേഡിങ്ങ് ബിറ്റ് കോയിൻ ചതികൾ പോലെയുള്ള പ്രവർത്തനങ്ങൾക്ക് വശംവദരാകാ തെ സൂക്ഷിക്കുക. അനാവശ്യമായ സഹവാസങ്ങൾ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിപ്പിക്കുകയും ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിശ്വസ്തരാണെന്ന് കരുതിയവരിൽ നിന്നുള്ള ചില വഞ്ചനകൾ നിങ്ങളെ വൈകാരികമായി തളർത്തും. നിലവിലുള്ള രോഗാവസ്ഥകൾ വഷളാകാനും രോഗനിർണയം സങ്കീർണ്ണമാകാനും സാധ്യതയുണ്ട്.
ആഡംബരത്തിനും ഭൗതിക സുഖങ്ങൾക്കും വേണ്ടിയുള്ള അമിതമായ ചെലവുകൾ സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്തും. ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുന്നത് മാനസിക പിരിമുറുക്കത്തിനും ഒറ്റപ്പെടലിനും കാരണമായേക്കാം. എന്നിരുന്നാലും, വാരത്തിന്റെ മധ്യത്തോടെ മാനസികാവസ്ഥയിൽ പുരോഗതി കാണുകയും ജീവിതത്തിൽ പ്രതീക്ഷയും പുതിയ അവസരങ്ങൾ തുറന്നു വരുന്നതായും അനുഭവപ്പെടുകയും ചെയ്യും. സമൂഹത്തിൽ അംഗീകാരം നേടുന്നതിനും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം ലഭിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാകും.
നിദ്രയുടെ ഗുണനിലവാരം, സാമ്പത്തിക സ്ഥിതി, ഭക്ഷണക്രമം എന്നിവയിൽ മെച്ചപ്പെടൽ അനുഭവപ്പെടും. വ്യക്തിജീവിതത്തിൽ അനുകൂലമായ സംഭവവികാസങ്ങൾ പ്രതീക്ഷിക്കാം, പ്രത്യേകിച്ച് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തുന്ന കാര്യത്തിൽ. മൂല്യമേറിയ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള സാധ്യതയും കൈവരും. എന്നാൽ, സഹോദരങ്ങളുമായുള്ള ബന്ധത്തിൽ ചില വെല്ലുവിളികൾ ഉടലെടുത്തേക്കാം. വിട്ടുവീഴ്ചയ്‌ക്കും പരസ്പര ധാരണയ്‌ക്കും തയ്യാറാകാത്തത് ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്‌ത്തും.
പ്രത്യേകിച്ച്, ജൂലൈ 23, 24, 25 തീയതികൾ യഥാക്രമം അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം മീനം രാശിക്കാർക്ക് പൊതുവിൽ സന്തോഷകരമായിരിക്കും. സഹോദരങ്ങളിൽ നിന്നും അനുബന്ധ കുടുംബാംഗങ്ങളിൽ നിന്നും അനുകൂലമായ പിന്തുണയും സഹകരണവും പ്രതീക്ഷിക്കാം. ഗാർഹിക അന്തരീക്ഷം സമാധാനപൂർണവും സന്തോഷപ്രദവുമായിരിക്കും. ദീർഘകാലമായി നിലനിന്നിരുന്ന സ്വത്തു തർക്കങ്ങൾക്ക് അനുകൂലമായ അവസാനം കണ്ടെത്താനാകും. ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങൾ മൊത്തത്തിൽ ഒരു ഉണർവും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ സഹായിക്കും.
എന്നിരുന്നാലും, വാരത്തിന്റെ ആരംഭത്തിൽ അനുഭവപ്പെടുന്ന ആരോഗ്യപുരോഗതി, ഉണർവ് ഒക്കെയും അധിക പണി എടുത്താൽ മധ്യത്തോടെ ഉറക്കക്കുറവ്, മാനസിക വിഷമം എന്നിവയിലേക്ക് വഴിമാറിയേക്കാം. ജീവിതപങ്കാളിയോടുള്ള അനാവശ്യ സംശയങ്ങൾ വൈവാഹിക ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചേക്കാം. കൂടാതെ മക്കളുമായുള്ള ആശയവിനിമയത്തിലെ അപാകതകൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്‌ത്താൻ സാധ്യതയുണ്ട്. ദുഃസ്വപ്നങ്ങൾ, വിശപ്പില്ലായ്മ, ഉദരസംബന്ധമായ അസ്വസ്ഥതകൾ, ശാരീരിക ക്ഷീണം തുടങ്ങിയവയും ഈ സമയത്ത് അനുഭവപ്പെടാം. അകാരണമായ ഭയവും ഉത്കണ്ഠയും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം.
സാമ്പത്തിക സ്രോതസ്സുകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ, തൊഴിൽ മേഖലയിലെ അപ്രതീക്ഷിത തിരിച്ചടികൾ എന്നിവ ഈ കാലയളവിൽ സംഭവിക്കാം. അടുത്ത ബന്ധുവിന്റെ വിയോഗം വൈകാരികമായി തളർത്തുന്ന അനുഭവമായിരിക്കും. മാനസികമായി സജ്ജരായി നേരിടുക. എന്നിരുന്നാലും, വാരാന്ത്യത്തോടെ വീണ്ടും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസിക ധൈര്യം വീണ്ടെടുക്കുകയും ഭാവിയിലേക്ക് കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്യുക.
ജൂലൈ 25, 26, 27 തീയതികൾ യഥാക്രമം പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാരുടെ പക്കപ്പിന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V