ചൈനീസ് ഉത്പന്നങ്ങളോട് യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം കുറയുന്നതായി തുറന്നു പറഞ്ഞ് സ്വിസ് പാർലമെന്റ് അംഗവും സ്വിസ്-ഇന്ത്യ പാർലമെന്ററി ഗ്രൂപ്പ് പ്രസിഡന്റുമായ നിക്ക് ഗഗ്ഗർ. ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണ് ചൈന യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും ഇത് പ്രയോജനപ്പെടുത്തി ഇന്ത്യ വിപണി സാധ്യത വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലുടനീളം ഇന്ത്യൻ ഉത്പന്നങ്ങൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ സ്വന്തം ഉത്പന്നങ്ങളുടെ മഹിമ ലോകത്തെ അറിയിക്കാനുള്ള ഈ സുവർണാവസരത്തെ തള്ളി കളയരുതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയവയാണ് ചൈന വ്യാപകമായി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് നിക്ക് ഗഗ്ഗറുടെ പരാമർശം.
ഇന്ത്യയും നാല് യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) ഒപ്പുവച്ചിരുന്നു. വ്യാപാര മേഖലയിൽ പുത്തൻ കുതിപ്പിന് സഹായിക്കുന്നതാണ് ഈ കരാർ. ഇതും ഇന്ത്യൻ ഉത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കാൻ അവസരമൊരുക്കും.















