ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയപാതയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായവർക്കായുള്ള റഡാർ പരിശോധന പുരോഗമിക്കുന്നു. മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുളളവർക്കായാണ് തെരച്ചിൽ നടത്തുന്നത്. റഡാറിൽ രാവിലെ സിഗ്‌നൽ വ്യത്യാസം കണ്ടത് ലോറിയുടെ ഭാഗങ്ങളിൽ തട്ടിയാണെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാറായിട്ടില്ലെന്നും ആവർത്തിച്ചുളള പരിശോധനകളിൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നും എൻഐടി വിദഗ്ധർ പറഞ്ഞു.
പരുക്കൻ പ്രതലങ്ങളിൽ നാല് മീറ്റർ വരെ റഡാറിന് സിഗ്നൽ ലഭിക്കും. എന്നാൽ നിലവിൽ നനഞ്ഞ പ്രതലമായതിനാൽ റഡാർ ഉരുട്ടിയാണ് പരിശോധന നടത്തുന്നത്. സിഗ്നലിൽ വേരിയേഷൻ കാണിച്ച ഭാഗത്ത് മണ്ണ് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ലോറി മണ്ണിനടിയിലുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പരിശോധന തുടരുന്നതിന് കാലതാമസം നേരിടുന്നുണ്ട്. വെള്ളവും ചെളിയും കൂടി കുഴഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. അതിനാൽ സംശയം തോന്നുന്ന ഭാഗങ്ങളിൽ നിന്ന് മണ്ണ് മാറ്റുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു.
റഡാർ പരിശോധന മൂന്ന് മണിക്കൂർ പിന്നിടുമ്പോഴും അർജുന്റെ ലോറി കണ്ടെത്താനായില്ലെന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാദ്ധ്യമപ്രവർത്തകരുൾപ്പെടയുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്.















