മൂന്ന് നാല് ദിവസങ്ങളായി ബംഗ്ളാദേശ് കത്തുകയാണ്. തെരുവിലിറങ്ങിയ കലാപകാരികൾ ധാരാളം പൊതു മുതലുകൾ നശിപ്പിച്ചു. അവർ ദേശീയ ടെലിഷൻ കേന്ദ്രത്തിന് തീയിട്ടു. ജയിലിനു തീയിട്ട് ജയിൽ തകർത്ത് നൂറിലധികം തടവുകാരെ മോചിപ്പിച്ചു. ഇന്ന് രാവിലെ വരെ റിപ്പോർട് ചെയ്യപ്പെട്ടത് 105 മരണങ്ങളാണ്. ഏതാണ്ട് 2500 ൽ പരം പേർക്ക് പരിക്കേറ്റു. മിക്ക അയൽ രാജ്യങ്ങളും ബംഗ്ലാദേശിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിച്ചു കഴിഞ്ഞു.
എന്തുകൊണ്ടാണ് ബംഗ്ലാദേശ് വിദ്യാർത്ഥികൾ രാജ്യത്തുടനീളം കലാപമഴിച്ചു വിട്ട് പ്രതിഷേധിക്കുന്നത് ? സർക്കാർ ജോലികളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെ ക്വാട്ട സമ്പ്രദായത്തിനെതിരായാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നാണ് കലാപകാരികൾ പറയുന്നത്.
ബംഗ്ലാദേശിലെ മിക്ക രാഷ്‌ട്രീയ പ്രശ്‌നങ്ങൾക്കും ആ രാജ്യത്തിന്റെ രക്ത രൂക്ഷിതമായ സ്വാതന്ത്ര്യ സമ്പാദനവുമായി ബന്ധമുണ്ട്. ഈ കലാപങ്ങളും 1971-ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1971 ലെ ലിബറേഷൻ മൂവ്‌മെന്റിൽ ദശലക്ഷക്കണക്കിന് ആളുകൾ യുദ്ധം ചെയ്യുകയും ലക്ഷങ്ങൾ രക്തസാക്ഷിത്വം വഹിക്കുകയും ഒടുവിൽ ബംഗ്ലാദേശ് പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. സ്വാതന്ത്ര്യം നേടി വേറെ രാജ്യമാകുന്നതിനോട് അനുഭാവമുള്ളവരും പാകിസ്താൻ പക്ഷപാതികളും എന്ന നിലയിൽ രാജ്യത്തെ ജനത തന്നെ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലം മനസ്സിൽ വെച്ച് കൊണ്ട് വേണം ബംഗ്ലാദേശിലെ ഏതൊരു സംഭവ വികാസത്തെയും നിരീക്ഷിക്കാൻ.

1972-ൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാൻ രാജ്യത്ത് ഒരു ക്വാട്ട സമ്പ്രദായം കൊണ്ടുവന്നു, സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് 30% സീറ്റുകൾ സംവരണം ചെയ്തു. ക്വാട്ട സമ്പ്രദായം വർഷങ്ങളായി പരിഷ്‌ക്കരിക്കപ്പെട്ടു.പിൽക്കാലത്ത് ക്വാട്ട സമ്പ്രദായത്തിൽ മറ്റുള്ളവർക്കും ജോലികൾ സംവരണം ചെയ്തു. 2018 ആയപ്പോഴേക്കും 56% സർക്കാർ ജോലികളും വിവിധ ക്വാട്ടകൾക്ക് കീഴിൽ സംവരണം ചെയ്യപ്പെട്ടു. ഏറ്റവും വലിയ ഭാഗം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കായിരുന്നു, അതേസമയം സ്ത്രീകൾ, അവികസിത ജില്ലകൾ, തദ്ദേശീയ സമൂഹങ്ങൾ, വികലാംഗർ തുടങ്ങിയ മറ്റ് ഗ്രൂപ്പുകൾക്കും വിഹിതമുണ്ടായിരുന്നു.
2018 ൽ ഇതേപോലെ ഒരു പ്രക്ഷോഭം ഉണ്ടാവുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ക്വാട്ട ഉൾപ്പെടെയുള്ള ജോലികളിലെ എല്ലാ സംവരണങ്ങളും ഷെയ്ഖ് ഹസീന സർക്കാർ റദ്ദാക്കി. 2018 മുതൽ അവിടെ ക്വാട്ട ഉണ്ടായിരുന്നില്ല.
തുടർന്ന് 2021 ൽ ഒരു കൂട്ടം ആളുകൾ സിവിൽ സർവീസിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ 30% സംവരണം തിരികെ ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ചു . മൂന്നുവർഷം വാദം കേട്ടശേഷം ജൂലൈ ഒന്നിന് ഹൈക്കോടതി 30% സംവരണം പുനഃസ്ഥാപിച്ചു. ഇതോടെയാണ് സമീപകാല കലാപങ്ങൾക്ക് തുടക്കമായത്. തദ്ദേശീയ സമൂഹങ്ങൾക്കും വികലാംഗർക്കും പ്രയോജനപ്പെടുന്നവ ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കും സംവരണം നിർത്തലാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അതേസമയം 44% ജോലികൾ മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്.
എന്നാൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അറ്റോർണി ജനറൽ സുപ്രീം കോടതിയെ സമീപിച്ചു.സ്വാതന്ത്ര്യ സമര സേനാനികളുടെ 30% സംവരണം പുനഃസ്ഥാപിച്ച ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് ബംഗ്ലാദേശ് സർക്കാർ ജൂലായ് 16നാണ് ഹർജി നൽകിയത്. സുപ്രീം കോടതിയാകട്ടെ ഹൈക്കോടതിയുടെ ഉത്തരവ് നാലാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു. നാലാഴ്ചയ്‌ക്കുള്ളിൽ കോടതിയുടെ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.അതായത് ഈ കലാപത്തിന് കാരണമായ സംവരണം നിലവിൽ ബംഗ്ലാദേശിൽ പ്രാബല്യത്തിലില്ല.
പ്രധാനമന്ത്രി ഹസീനയുടെ റസാക്കറുകളെക്കുറിച്ചുള്ള പരാമർശത്തെ കലാപകാരികൾക്കിടയിൽ നുഴഞ്ഞു കയറിയ മത മൗലിക വാദികൾ ആയുധമാക്കി.
“സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളും കൊച്ചുമക്കളും കഴിവുള്ളവരല്ലേ? റസാക്കരുടെ മക്കളും കൊച്ചുമക്കളും മാത്രമാണോ കഴിവുള്ളവർ? എന്തുകൊണ്ടാണ് അവർക്ക് സ്വാതന്ത്ര്യ സമര സേനാനികളോട് ഇത്ര നീരസം? സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കൾക്ക് ക്വാട്ട ആനുകൂല്യം ലഭിക്കുന്നില്ലെങ്കിൽ റസാക്കരുടെ കൊച്ചുമക്കൾക്ക് അതിന്റെ ആനുകൂല്യം ലഭിക്കണോ?”കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി ഹസീന പറഞ്ഞു.
പ്രധാനമന്ത്രിക്ക് ശേഷം, അവരുടെ പാർട്ടി നേതാക്കളും സമാനമായ പരാമർശങ്ങൾ നടത്തി. “വിമോചന സമര രക്തസാക്ഷികളുടെ രക്തം പുരണ്ട ചുവപ്പും പച്ചയും പതാക പിടിക്കാൻ റസാക്കർക്ക് അവകാശമില്ലെന്ന്” സാമൂഹ്യക്ഷേമ മന്ത്രി ദിപു മോനി പറഞ്ഞു.’ഞാനൊരു റസാക്കറാണ്’ എന്ന് പ്രഖ്യാപിക്കുന്നവർ ഈ കാലഘട്ടത്തിലെ ‘യഥാർത്ഥ’ റസാക്കർമാരാണെന്ന് സ്വയം തെളിയിച്ചു. അവർ കോടതിയെയും സർക്കാരിനെയും അവഗണിക്കുന്നു.”വിദ്യാഭ്യാസ മന്ത്രി മൊഹിബുൾ ഹസൻ ചൗധരി ഫേസ്ബുക്കിൽ കുറിച്ചു,
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പാകിസ്ഥാൻ സൈന്യവുമായി സഹകരിച്ച അർദ്ധസൈനിക വിഭാഗമായിരുന്നു റസാക്കർമാർ.ഏകദേശം 50,000 റസാക്കർമാർ പാകിസ്ഥാൻ സൈന്യത്തെ റെയ്ഡുകൾ നടത്തുന്നതിനും പ്രാദേശിക ജനങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നതിനും സഹായിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. റസാക്കറുകളുടെ സഹായത്തോടെ പാകിസ്ഥാൻ സൈന്യം ലിബറേഷൻ അനുകൂല ബംഗ്ലാദേശികൾക്കെതിരെ നടത്തിയ ക്രൂരമായ നടപടി യിൽ 3 ദശലക്ഷം (30 ലക്ഷം) സാധാരണക്കാർ കൊല്ലപ്പെട്ടു. 100,000 മുതൽ 400,000 വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. 25,000 മുതൽ പേരെ 195,000 വരെ ബലാൽസംഗത്തിന്റെ ഫലമായ ഗർഭധാരണമുണ്ടായി.
ബംഗ്ലാദേശിൽ റസാക്കർ എന്നത് അങ്ങേയറ്റം നിന്ദ്യമായ പദമാണ്. എന്നാൽ കലാപകാരികൾക്കുള്ളിൽ നുഴഞ്ഞു കയറിയ മത തീവ്രവാദികളും മറ്റും ആ വാക്കിന് സാമൂഹിക സ്വീകാര്യത നൽകാൻ ശ്രമിക്കുകയാണ്. തങ്ങൾ റസാക്കർമാരാണ് എന്നുള്ള മുദ്രാവാക്യമുയർത്താൻ അവർ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.
സംവരണ രീതി പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ബംഗ്ളാദേശ് സർക്കാർ അപ്പീൽ പോയി, അതിന്മേൽ സുപ്രീം കോടതി ഏതാണ്ട് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിട്ടും കലാപകാരികൾ അടങ്ങിയില്ല. അവർ കൊള്ളയും കൊള്ളിവെപ്പും തുടർന്നു. വ്യാഴാഴ്ച ബംഗ്ലാദേശ് പോലീസിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
കലാപകാരികൾ കാമ്പസുകളിൽ കടുത്ത അക്രമങ്ങൾ അഴിച്ചു വിട്ടു. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗിന്റെ പ്രവർത്തകരെ കലാപകാരികൾ നിരന്തരം ആക്രമിച്ചു . തുടർന്ന് ഈ ഏകപക്ഷീയമായ അക്രമത്തെ ഛാത്ര ലീഗിന് പ്രതിരോധിക്കേണ്ടി വന്നു. ഈ ആഴ്ച, ക്വാട്ട വിരുദ്ധ പ്രകടനക്കാരും ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം കൂടുതൽ അക്രമാസക്തമായി. റെയിൽവേ ട്രാക്കുകളും പ്രധാന റോഡുകളും തടഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബ്ബർ ബുള്ളറ്റുകൾ, ഗ്രനേഡുകൾ, കണ്ണീർ വാതകം എന്നിവ ഉപയോഗിച്ചു.
തുടർന്ന് സർക്കാർ ബംഗ്ലാദേശിലെ എല്ലാ യൂണിവേഴ്സിറ്റികളും അടച്ചു. സ്‌കൂളുകൾക്ക് അവധി കൊടുത്തു. അക്രമത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ച മുതൽ ധാക്കയിലേക്കും തിരിച്ചുമുള്ള റെയിൽവേ സർവീസുകളും തലസ്ഥാനത്തെ മെട്രോ റെയിൽ സർവീസും നിർത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഇൻ്റർനെറ്റ് നെറ്റ്‌വർക്കുകൾ അടച്ചുപൂട്ടാനും സർക്കാർ ഉത്തരവിട്ടു. ബംഗ്ലാദേശ് “സമ്പൂർണ ഇൻ്റർനെറ്റ് ഷട്ട്ഡൗൺ” അനുഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി ഹസീന അക്രമത്തെ അപലപിക്കുകയും സുപ്രീം കോടതിയുടെ വിധി വരെ ക്ഷമയോടെയിരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ബംഗ്ലാദേശ് നിയമമന്ത്രി അനിസുൽ ഹഖ് വ്യാഴാഴ്ച സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ കലാപകാരികൾ ഇതേ വരെ ചർച്ചക്ക് തയ്യാറായിട്ടില്ല.
ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ നിന്ന് ഏതാണ്ട് തുടച്ചു നീക്കപ്പെട്ട ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുളള ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ബംഗ്ളാ ജമാ അത്തെ ഇസ്ലാമി എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ക്വാട്ട കലാപകാരികളെ രംഗത്തിറക്കി തങ്ങളുടെ നഷ്ടപ്പെട്ട ജനകീയ അടിത്തറ വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. അതേ സമയം തന്നെ ബംഗ്ളാ വിമോചന സമയത്ത് പാകിസ്താന് പാദസേവ ചെയ്ത റസാക്കർ മാർക്ക് സാമൂഹിക സ്വീകാര്യത നേടിയെടുക്കാനുള്ള മത മൗലിക വാദികളുടെ ശ്രമവും ഇതിലുണ്ട്.















