വീണ്ടും ലോ ബഡ്ജറ്റ് സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തുകയാണ്. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘കേരള ലൈവ്’. ഈ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചത്.
“എന്റെ പന്ത്രണ്ടാമത്തെ സിനിമയാണ് കേരളാ ലൈവ്. വിവാദം ആക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സിനിമയുടെ കണ്ടന്റ് വിവാദം സൃഷ്ടിച്ചേക്കാം. സിനിമ നിരോധിക്കുമോ എന്നുവരെ എന്നോട് ചോദിച്ചവരുണ്ട്. അഞ്ച് വർഷത്തിനപ്പുറം പുറത്തേക്ക് പോയ പ്രവാസികളെല്ലാം കേരളത്തിലേക്ക് തിരിച്ചു വരുന്നതാണ് സിനിമയുടെ കണ്ടെന്റ്. പിന്നീട് നായകൻ കേരളത്തിൽ ജോലിക്കായി ശ്രമിക്കുകയാണ്. സഹകരണ ബാങ്ക് പ്രശ്നം, ഒരു ജോലിക്കും കൃത്യമായി ശമ്പളം ലഭിക്കാത്ത വിഷയം ഇതൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. അവസാനം നായകൻ ഒരു മാധ്യമ സ്ഥാപനത്തിൽ ജോലിക്ക് കയറുകയാണ്. ആ ചാനലിന്റെ പേരാണ് കേരള ലൈവ്. പണത്തിനു വേണ്ടി മാധ്യമങ്ങളിൽ നടക്കുന്ന പ്രവർത്തികൾ. സമകാലിക കേരളത്തിൽ നമ്മൾ കാണുന്ന പ്രശ്നങ്ങളെല്ലാമാണ് ഈ സിനിമ പറയുന്നത്”.
“പത്തുവർഷം കഴിയുമ്പോൾ ഉള്ള കേരളത്തിന്റെ അവസ്ഥയാണ് സിനിമ. ജനങ്ങൾക്കൊന്നും ജോലിയില്ല, ഗവൺമെന്റിന് ടാക്സ് ലഭിക്കുന്നില്ല, മന്ത്രിമാർക്കും എംഎൽഎമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് വരെ കഥ പോകുന്നുണ്ട്. ഈ സിനിമ ഒരു പ്രവചനം പോലെയാണ്. ഇന്ന് ഈ ചിത്രം കണ്ടാൽ ചിലപ്പോൾ ഒന്നും തോന്നിയേക്കില്ല. എന്നാൽ, പത്തുവർഷത്തിനുശേഷം ഈ സിനിമ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റ് നേരത്തെ തന്നെ ഇത് കണ്ടിരുന്നോ എന്ന് ജനങ്ങൾ ചോദിക്കും. ചിത്രത്തിൽ ഒരു എയർപോർട്ടിന് ‘സ്വർണ്ണപൂർ’ എന്ന് ഇട്ടിട്ടുണ്ട്. ആ പേരിട്ടത് ശരിയാണോ, മാറ്റിക്കൂടെ എന്ന് പലരും ചോദിച്ചു. കരിപ്പൂർ എന്നു പറയുന്നതിനേക്കാൾ നല്ലതല്ലേ സ്വർണ്ണപ്പൂർ”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.