ബീജിംഗ്: വടക്കു പടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ മിന്നൽ പ്രളയത്തെ തുടർന്ന് പാലം തകർന്ന് 11 പേർ മരിച്ചു. 30-ലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഷാങ്‌ലൂ സിറ്റിയിലെ ഷാഷുയി കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന പാലം വെള്ളിയാഴ്ച രാത്രി 8:40 ഓടെയാണ് തകർന്നത്. പാലത്തിൽ നിന്ന് നദിയിലേക്ക് വീണ അഞ്ച് വാഹനങ്ങൾ ഇന്ന് രാവിലെ 10 മണിയോടെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
ചൈനയുടെ വടക്കൻ മധ്യ മേഖലകളിൽ ചൊവ്വാഴ്ച മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇത് വെള്ളപ്പൊക്കത്തിനും കാര്യമായ നാശനഷ്ടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട് . പ്രവിശ്യയിലെ ബാവോജി നഗരത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ചൈന ഇപ്പോൾ കടുത്ത കാലാവസ്‌ഥാ വ്യതിയാനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സി എൻ എ റിപ്പോർട്ട് ചെയ്യുന്നു. കിഴക്കും തെക്കും മേഖലകളിൽ കനത്ത മഴ പെയ്യുമ്പോൾ വടക്കു ഭാഗത്ത് കടുത്ത ഉഷ്ണ തരംഗമാണ് അനുഭവപ്പെടുന്നത്. ഈ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും കൊടുങ്കാറ്റിലും യാങ്‌സിയും മറ്റു നദികളും കരകവിഞ്ഞൊഴുകുകയും നിരവധി പേരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്‌ഥ ഉണ്ടാകുകയും ചെയ്തിരുന്നു.















