വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ‘കേരള ലൈവ്’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയിൽ പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കും എന്ന് പറയുന്നവർ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നില്ല. പട്ടികജാതി പട്ടികവർഗക്കാരന് വേണ്ടി സംസാരിക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് ആ വിഭാഗത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയോ മന്ത്രിയോ എംഎൽഎയോ പോലും ആക്കാതിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. ഇത്തരം വിഷയങ്ങളാണ് തന്റെ സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ ചില പാർട്ടികൾ നടത്തുന്ന കപട പുരോഗമന വാദങ്ങളെ സന്തോഷ് പണ്ഡിറ്റ് ചോദ്യം ചെയ്യുന്നത്.
“സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചും നമ്മൾ ഒരുപാട് സംസാരിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് കേൾക്കുന്നത്. ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാൽ സ്ത്രീ സമത്വം വന്നുവെന്ന് തോന്നുന്നുണ്ടോ. അതുകൊണ്ട് കേരളത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണോ. നമ്മുടെ മുന്നിൽ സ്ത്രീ സമത്വം എന്നുപറഞ്ഞ് കാണിക്കുന്നത് ഇതൊക്കെയാണ്. വനിതാ മതിൽ ഉണ്ടാക്കിയതുകൊണ്ട് സ്ത്രീകൾക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ. ഷർട്ട് ഇട്ടാൽ, ആണും പെണ്ണും ഒരുമിച്ച് ടോയ്ലറ്റ് ഷെയർ ചെയ്താൽ, ഒരുമിച്ചു മൂത്രമൊഴിച്ചാൽ സ്ത്രീ സമത്വം വരുമോ. ഇങ്ങനെ എല്ലാം പറയുന്നതിന് സർക്കാരിന് പത്തു പൈസ നഷ്ടമൊന്നുമില്ല. ഇങ്ങനത്തെ ഉടായിപ്പുകൾ അല്ല, സ്ത്രീകൾക്ക് അധികാരമാണ് വേണ്ടത്”.
“ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കുവോ. പാർട്ടിയുടെ ഉന്നത പദവിയിൽ സ്ത്രീയെ എത്തിക്കുമോ. സ്ത്രീയായി പിറന്ന എല്ലാ കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുവോ. ഇതെല്ലാം സർക്കാരിന് പത്തു രൂപ നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്ത്രീ സമത്വമാണ് നിങ്ങൾ പറയുന്നതെങ്കിൽ സ്ത്രീകൾക്ക് അധികാരം തരൂ. സ്ത്രീകൾക്ക് അധികാരവും പണവും തരാതെ ഗിമ്മിക്ക് കളിക്കേണ്ട. ഇതാണ് എന്റെ പുതിയ സിനിമയായ കേരള ലൈവിൽ പറയുന്നത്”.
“മറ്റൊരു തരംതിരിവാണ് അവർണൻ, സവർണൻ. പട്ടികജാതി പട്ടികവർഗ്ഗക്കാരെ ഒരു കാലത്ത് സവർണ ജാതിക്കാർ ഇന്നതൊക്കെ ചെയ്തു എന്ന് ഇന്നും പാടി നടക്കുന്നു. സവർണർക്കെതിരായ സിനിമകൾ വരുന്നു. ചിലർ ഇങ്ങനെ പറയുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗക്കാരൻ ഓർക്കും ഇവർക്കൊക്കെ തങ്ങളോട് എന്തുമാത്രം സ്നേഹമുണ്ടെന്ന്. എന്നാൽ തിരിച്ചാണ് സത്യം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്ന് എത്ര എംഎൽഎമാർ ഉണ്ട്? എത്ര എംപിമാർ?, എത്ര മന്ത്രിമാർ? എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അത് സംവരണം കൊണ്ടാണ്. ഗതികെട്ട് കൊടുക്കുന്നതാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്ന് കേരളത്തിൽ എത്ര മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്?”- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.















